തൊഴിലില്ലായ്മ: കശ്മീർ മുതൽ കന്യാകുമാരി വരെ പദയാത്രയ്ക്ക് കോൺഗ്രസ്
|ചിന്തൻ ശിബിരത്തിലാണ് രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനമെടുത്തത്
ഉദയ്പൂർ: പൊതുജനങ്ങളുമായി സംവദിക്കുക എന്ന ലക്ഷ്യത്തോടെ കശ്മീർ മുതൽ കന്യാകുമാരി വരെ പദയാത്ര നടത്താൻ കോൺഗ്രസ്. തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയാകും പദയാത്ര. ഒരു വർഷം നീളുന്ന പരിപാടിയിൽ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസിലെ മുതിർന്ന നേതാക്കൾ വിവിധ ഘട്ടങ്ങളിലായി പങ്കെടുക്കും. യാത്രയുടെ ഭാഗമായി ജനതാ ദർബാറുകളും സംഘടിപ്പിക്കും.
ഉദയ്പൂരിൽ നടക്കുന്ന കോൺഗ്രസിൻറെ ചിന്തൻ ശിബിരത്തിലാണ് രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനമെടുത്തത്. സുസ്ഥിര പ്രക്ഷോഭ സമിതി അധ്യക്ഷൻ ദിഗ്‌വിജയ് സിങ് യോഗത്തിൽ വിഷയത്തെക്കുറിച്ച് വിശദമായ അവതരണം നടത്തി. സുദീർഘ ചർച്ചയും നടന്നു. കോൺഗ്രസ് യൂത്ത് കമ്മിറ്റിയും സമാന നിർദേശം മുമ്പോട്ടുവച്ചിരുന്നു.
പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള വിവിധ നിർദേശങ്ങളാണ് ചിന്തൻ ശിബിരത്തിൽ ഉയർന്നു വന്നത്. 65 വയസ്സ് പിന്നിട്ട നേതാക്കൾ പദവികളൊഴിഞ്ഞ് ഉപദേശക റോളിലേക്കു മാറണമെന്നതാണ് പ്രധാന നിർദേശം. ഇതുസംബന്ധിച്ച ശുപാർശ യുവജനകാര്യ പ്രമേയത്തിലുൾപ്പെടുത്തി. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ഇന്നു ചേരുന്ന പ്രവർത്തക സമിതി ഇതിന് അംഗീകാരം നൽകിയാൽ സംഘടനാ തലപ്പത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാകും.
പദവികളിൽ വർഷങ്ങളോളം തുടരുന്ന നേതാക്കൾ യുവാക്കൾക്കു വഴിമാറിക്കൊടുക്കണമെന്നും ആവശ്യമുയർന്നു. രാഹുൽ ഗാന്ധിയുടെ ആശീർവാദത്തോടെയാണ് ആവശ്യം യുവാക്കൾ മുന്നോട്ടു വച്ചതെന്നാണു സൂചന. യുവാക്കൾക്കു മുൻഗണന നൽകുന്നുവെന്ന വ്യക്തമായ സന്ദേശം നൽകിയാണു മുതിർന്നവരിൽ പലരെയും ശിബിരത്തിലേക്കു ക്ഷണിക്കാതിരുന്നത്. പങ്കെടുക്കുന്ന പ്രതിനിധികളിൽ പകുതിയോളം പേർ 50 വയസ്സിൽ താഴെയുള്ളവരാണ്.