India
ബിജെപിയെ വെല്ലുവിളിക്കാൻ കോൺഗ്രസിന് ശേഷിയില്ല: സീതാറാം യെച്ചൂരി
India

ബിജെപിയെ വെല്ലുവിളിക്കാൻ കോൺഗ്രസിന് ശേഷിയില്ല: സീതാറാം യെച്ചൂരി

Web Desk
|
13 March 2022 9:38 AM GMT

സംഘപരിവാർ ശക്തികളെ നേരിടാൻ സിപിഎം നേതൃത്വപരമായ പങ്കുവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

ബിജെപിയെ വെല്ലുവിളിക്കാൻ കോൺഗ്രസിന് ശേഷിയില്ലെന്നും അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അതിനുള്ള തെളിവാണെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാ മതേതര പാർട്ടികളും ഒന്നിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആർഎസ്എസിന്റെ വാർഷിക റിപ്പോർട്ട് നൂനപക്ഷങ്ങളെ ലക്ഷ്യവെച്ചുള്ളതാണെന്നും രാജ്യത്ത് എന്താണ് ചെയ്യുന്നതെന്ന് കോൺഗ്രസ് തന്നെ വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാർ ശക്തികളെ നേരിടാൻ സിപിഎം നേതൃത്വപരമായ പങ്കുവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് ശേഷം ത്രിപുരയിൽ സിപിഎമ്മിനെതിരെയുള്ള ബിജെപി ആക്രമണത്തെ പിബി അപലപിച്ചു.

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 97 ശതമാനം സീറ്റിലും കോൺഗ്രസിന് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടിരുന്നു. 399 സ്ഥാനാർത്ഥികളാണ് പാർട്ടിക്കു വേണ്ടി മത്സരരംഗത്തുണ്ടായിരുന്നത്. ഇതിൽ 387 പേർക്കും കെട്ടിവച്ച കാശു പോയി. വെറും രണ്ടു സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. പിടിച്ചത് 2.4 ശതമാനം വോട്ടു മാത്രം. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. സംസ്ഥാനത്തുടനീളം ഓടി നടന്ന പ്രിയങ്ക പ്രചാരണം നടത്തിയെങ്കിലും അതൊന്നും വോട്ടിങ്ങിൽ പ്രതിഫലിച്ചില്ല. ഇവരുടെ റാലിയിൽ കണ്ട വലിയ ആൾക്കൂട്ടവും വോട്ടായി മാറിയില്ല. രാംപൂർ ഖാസിലും ഫരേന്ദയിലുമാണ് കോൺഗ്രസ് വിജയിച്ചത്.

രാംപൂർ ഖാസിൽ ബിജെപി സ്ഥാനാർത്ഥി നാഗേഷ് പ്രതാപ് സിങ്ങിനെ 14,741 വോട്ടിനാണ് കോൺഗ്രസിന്റെ ആരാധനാ മിശ്ര തോൽപ്പിച്ചത്. ഫരേന്ദയിൽ കോൺഗ്രസിന്റെ വീരേന്ദ്ര ചൗധരി ബിജെപിയുടെ ബജ്‌റംഗ് ബഹാദുർ സിങിനെ തോൽപ്പിച്ചത് 1087 വോട്ടിന്. പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്ന അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസിന് തിരിച്ചടി നേരിട്ടു. വെറും 33 സീറ്റിൽ മത്സരിച്ച ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക്ദൾ എട്ടു സീറ്റിലാണ് വിജയിച്ചത്. 2.9 ശതമാനം വോട്ടാണ് ആർഎൽഡിക്ക് കിട്ടിയത്. ബിഎസ്പിയാണ് തിരിച്ചടി നേരിട്ട മറ്റൊരു വലിയ പാർട്ടി. 403 സീറ്റിലും മത്സരിച്ച ബിഎസ്പിക്ക് 290 സീറ്റിൽ കെട്ടിവച്ച കാശ് നഷ്ടമായി. വൻ വിജയം നേടിയിട്ടും ബിജെപിക്ക് മൂന്നിടങ്ങളിൽ കാശ് നഷ്ടമായി. എസ്പിക്ക് ആറു സീറ്റിലും. ബിജെപി 376 സീറ്റിലും എസ്പി 347 സീറ്റിലുമാണ് മത്സരിച്ചത്.

ഒരു മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട ആകെ വോട്ടുകളുടെ ആറിലൊന്ന് പോലും കിട്ടാത്ത സ്ഥാനാർത്ഥികൾ കെട്ടിവച്ച പണമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടുകെട്ടുക. യുപിയിലെ മൊത്തം കണക്കെടുത്ത് നോക്കിയാൽ ആകെ മത്സരിച്ചത് 4442 പേരാണ്. ഇതിൽ 80 ശതമാനത്തിനും, അതായത് 3522 പേർക്കും കെട്ടിവച്ച തുക തിരികെ കിട്ടിയിട്ടില്ല എന്നാണ് കണക്ക്. അതിനിടെ, തെരഞ്ഞെടുപ്പ് ഫലം വന്ന അഞ്ച് സംസ്ഥാനങ്ങളിലും നിരാശാജനകമായ പ്രകടനം നടത്തിയ കോൺഗ്രസ് നേതൃത്വത്തിൽ ഉടൻ അഴിച്ചുപണിനടത്തണമെന്ന വികാരമാണ് മുതിർന്ന നേതാക്കൾക്കുള്ളത്. തെരെഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ കോൺഗ്രസിൽ മാറ്റം അനിവാര്യമെന്ന് ശശി തരൂർ എംപി ഫെയ്‌സ്ബുക്കിൽ കുറിച്ചു. കോൺഗ്രസിൽ വിശ്വസിക്കുന്നവരെല്ലാം തെരെഞ്ഞെടുപ്പ് തോൽവിയിൽ വേദനിക്കുന്നുണ്ട്.സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്നും ശശി തരൂർ ഫേസ്ബുക്കിൽ തുറന്നടിച്ചു.

congress unable to challenge bjp: sitaram yechury,

Similar Posts