ആപ്പ് പണി കൊടുത്തു; ഗുജറാത്തിൽ കോൺഗ്രസിന് ദയനീയ തോൽവി
|ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ ബിജെപിയുടേത്
അഹമ്മദാബാദ്: പാർട്ടിയുടെ പരമ്പരാഗത വോട്ടുബാങ്കിലേക്ക് ആം ആദ്മി പാർട്ടി നുഴഞ്ഞുകയറിയപ്പോൾ ഗുജറാത്തിൽ കോൺഗ്രസിന് നേരിടേണ്ടി വന്നത് ദയനീയ തോൽവി. ആദ്യഘട്ട ഫലസൂചനകൾ പ്രകാരം 13 ശതമാനത്തിലേറെ വോട്ടാണ് ആം ആദ്മി പാർട്ടിക്ക് ലഭിച്ചത്. കോൺഗ്രസിന് 26 ശതമാനവും. അതേസമയം, ബിജെപിയുടെ വോട്ടുബാങ്ക് കുലുങ്ങിയില്ല. അമ്പത് ശതമാനത്തിലേറെ വോട്ടാണ് ഭരണകക്ഷിയുടെ അക്കൗണ്ടിൽ വീണത്.
ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ ബിജെപിയുടേത്. 182 അംഗ സഭയിൽ 150 ലേറെ മണ്ഡലങ്ങളിൽ പാർട്ടി മുമ്പിൽ നിൽക്കുകയാണ്. 2017ൽ 99 സീറ്റിലാണ് ബിജെപി ജയിച്ചിരുന്നത്. മറ്റു തെരഞ്ഞെടുപ്പിലെ സീറ്റു നില ഇപ്രകാരം; 2012-115, 2007-117, 2002-127, 1998-117, 1995-121, 1990-67, 1985-11, 1980-9.
പതിനെട്ടു സീറ്റിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. മുൻ തെരഞ്ഞെടുപ്പിൽ നിന്ന് 60 സീറ്റിന്റെ കുറവ്. ആം ആദ്മി പാർട്ടി ആറു സീറ്റിൽ ലീഡ് ചെയ്യുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ച വച്ച കോൺഗ്രസ് 77 സീറ്റിൽ വിജയിച്ചിരുന്നു. മുതിർന്ന നേതാവ് രാഹുൽ ഗാന്ധി അന്ന് സംസ്ഥാനത്തുടനീളം പ്രചാരണം നടത്തിയത് പാർട്ടിയെ സഹായിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഭാരത് ജോഡോ യാത്രയിലുള്ള രാഹുൽ ഗുജറാത്തിൽ സജീവമായിരുന്നില്ല.