ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ്; തിരിച്ചടിച്ച് തൃണമൂൽ
|ലോക്സഭ സീറ്റ് പങ്കുവെക്കുന്നത് സംബന്ധിച്ച് ഇരുപാർട്ടികളും പരസ്പരം പോരടിക്കുന്നുണ്ട്
കൊൽക്കത്ത: ഇൻഡ്യ മുന്നണിയിലെ പ്രധാന പാർട്ടികളായ കോൺഗ്രസും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള പോര് കൂടുതൽ രൂക്ഷമാകുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടേററ്റ് ഉദ്യോഗസ്ഥർ ആക്രമണത്തിന് ഇരയായതിന് പിന്നാലെ പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ അധിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു.
‘ഇഡി ഉദ്യോഗസ്ഥരെ സർക്കാറിന്റെ ഗുണ്ടകൾ ആക്രമിച്ചതോടെ സംസ്ഥാനത്ത് ക്രമസമാധാനം നഷ്ടമായെന്നത് വ്യക്തമാണ്. ഇന്ന് അവർക്ക് പരിക്കേറ്റു, നാളെ അവർ കൊല്ലപ്പെട്ടേക്കാം. അങ്ങനെ സംഭവിച്ചാൽ ഞാൻ അത്ഭുതപ്പെടില്ല. പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഉടൻ ഏർപ്പെടുത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണ്’-അധിർ രഞ്ജൻ ചൗധരി പറഞ്ഞു.
കോൺഗ്രസിന് മറുപടിയുമായി തൃണമൂൽ നേതാവ് കുനാൽ ഘോഷ് രംഗത്തെത്തി. അധിർ രഞ്ജൻ ചൗധരി ബിജെപിയുടെ ഏജന്റാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖലിയിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘത്തെയാണ് നാട്ടുകാർ ആക്രമിച്ചത്. റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥരുടെ കാർ നൂറിലധികം വരുന്ന ഗ്രാമീണർ അടിച്ചു തകർക്കുകയായിരുന്നു.
പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാക്കളായ ഷാജഹാൻ ശൈഖ്, ശങ്കർ അധ്യ എന്നിവരുടെ വീടുകളിൽ പരിശോധന നടത്താനാണ് ഇ.ഡി എത്തിയത്. സംസ്ഥാന ഭക്ഷ്യമന്ത്രി ജ്യോതി പ്രിയ മല്ലിക് അറസ്റ്റിലായ കേസിലാണ് ഇ.ഡി വിശദമായ അന്വേഷണം നടത്തുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് പങ്കുവെക്കുന്നത് സംബന്ധിച്ച് കോൺഗ്രസും തൃണമൂൽ കോൺഗ്രസും പരസ്പരം പോരടിക്കുന്നുണ്ട്. ഇതിനിടയിലാണ് രാഷ്ട്രപതി ഭരണമെന്ന ആവശ്യവുമായി അധിർ രഞ്ജൻ ചൗധരി രംഗത്തുവരുന്നത്.