India
Congress will come to power in Telangana: Ramesh Chennithala
India

തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിൽ വരും: രമേശ് ചെന്നിത്തല

Web Desk
|
10 Nov 2023 3:57 AM GMT

എഐസിസിയുടെ പ്രത്യേക നിരീക്ഷകനായി തെലങ്കാനയിലേക്ക് പോകുന്നതിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല

തെലങ്കാനയിൽ കോൺഗ്രസിനനുകൂലമായി കാറ്റ് വീശിത്തുടങ്ങിയെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്തവണ തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്നും ചെന്നിത്തല പറഞ്ഞു. എഐസിസിയുടെ പ്രത്യേക നിരീക്ഷകനായി തെലങ്കാനയിലേക്ക് പോകുന്നതിന് മുന്നോടിയായി മീഡിയവണുമായി സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

ദീപാവലിക്ക് ശേഷം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുമെന്നും തെലങ്കാനയിൽ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. അവിടെ ബിജെപി ഘടകമല്ലെന്നും കോൺഗ്രസാണ് പ്രധാന പോരാട്ടം നടത്തുന്നതെന്നും ചൂണ്ടിക്കാട്ടി.

നവംബർ 30നാണ് തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 119 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബി.ആർ.എസും തമ്മിലാണ് പ്രധാന മത്സരം. ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് ഇരു പാർട്ടികളും ശക്തമായ പോരാട്ടത്തിലാണ്.

തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ച് വൈ.എസ്.ആർ.ടി.പി രംഗത്ത്‌വന്നിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും കോൺഗ്രസിന്റെ വോട്ടുകൾ നഷ്ടപ്പെടാതിരിക്കാനാണ് വിട്ടുനിൽക്കുന്നതെന്നും വൈ.എസ്.ആർ.ടി.പി അധ്യക്ഷ വൈ.എസ് ശർമിള അറിയിച്ചു. ബി.ആർ.എസിനെതിരെ ഇവർ മത്സരിച്ചു കഴിഞ്ഞാൽ തങ്ങളുടെ വോട്ടുകൾ ഭിന്നിച്ചു പോകാനുള്ള സാധ്യതയുണ്ട്. ഇത് കോൺഗ്രസിന് വലിയ രീതിയിൽ തിരിച്ചടിയാകും. അതുകൊണ്ട് തന്നെ തങ്ങൾ ഇത്തവണ മത്സരിക്കുന്നില്ല. തങ്ങളുടെ പൂർണ പിന്തുണയും കോൺഗ്രസിന് നൽകുമെന്നും വൈ.എസ് ശർമിള വ്യക്തമാക്കി.

ചന്ദ്രശേഖർ റാവുവിന്റെ അഴിമതിയും ജനവിരുദ്ധ ഭരണവും അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള ത്യാഗമാണ് പാർട്ടിയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. കോൺഗ്രസിനിപ്പോൾ തെലങ്കാനയിൽ വ്യക്തമായ ഒരു സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ തങ്ങൾ മത്സരിച്ചു കഴിഞ്ഞാൽ കോൺഗ്രസിന്റെ വോട്ടുകൾ ഭിന്നിച്ചു പോകാനുള്ള സാധ്യതയുണ്ട്. അതിനാൽ പിന്മാറുകയാണെന്നും തങ്ങളുടെ പൂർണ പിന്തുണ കോൺഗ്രസിന് നൽകുകയാണെന്നും വൈ.എസ് ശർമിള അറിയിച്ചു.

Similar Posts