India
Congress will conduct caste census in Madhya Pradesh says Kharge
India

കോൺഗ്രസ് അധികാരത്തിലെത്തിയാൽ മധ്യപ്രദേശിൽ ജാതി സെൻസസ് നടത്തും: ഖാർഗെ

Web Desk
|
29 Aug 2023 6:51 AM GMT

ആരാണ് യഥാർഥ പിന്നാക്കക്കാരെന്ന് കണ്ടെത്താൻ ജാതി സെൻസസ് അനിവാര്യമാണെന്ന് സാഗറിലെ കോൺഗ്രസ് റാലിയിൽ ഖാർഗെ പറഞ്ഞു.

ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് മല്ലികാർജുൻ ഖാർഗെ. വിഭവങ്ങളുടെ നീതിപൂർവമായ വിതരണത്തിന് ജാതി സെൻസസ് അനിവാര്യമാണെന്ന് സാഗറിൽ നടന്ന കോൺഗ്രസ് റാലിയിൽ ഖാർഗെ പറഞ്ഞു. ഏത് സമുദായമാണ് ഏറ്റവും പിന്നാക്കം നിൽക്കുന്നത്? ഏത് സമുദായമാണ് ഏറ്റവും ദരിദ്രമായത്? ആരാണ് യഥാർഥ പിന്നാക്കക്കാർ? ആരാണ് ഭൂരഹിതർ? ആർക്കാണ് വിദ്യാഭ്യാസം ലഭിക്കാത്തത്? തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താൻ ജാതി സെൻസസ് സഹായിക്കുമെന്ന് ഖാർഗെ പറഞ്ഞു.

അഴിമതിയിൽ മുങ്ങിയ സർക്കാരാണ് മധ്യപ്രദേശിൽ ഭരണം നടത്തുന്നതെന്ന് ഖാർഗെ ആരോപിച്ചു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ കാർഷിക കടം എഴുതിത്തള്ളൽ, 100 യൂണിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീകൾക്ക്‌ പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം, 500 രൂപക്ക് ഗ്യാസ് സിലിണ്ടർ, പഴയ പെൻഷൻ സമ്പ്രദായം പുനഃസ്ഥാപിക്കൽ എന്നിവ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

40% കമ്മീഷൻ വാങ്ങുന്ന സർക്കാരായിരുന്നു കർണാടകയിലുണ്ടായിരുന്നത്. മധ്യപ്രദേശിൽ അത് 50% ആണ്. 40% സർക്കാരിനെ കർണാടകയിലെ ജനങ്ങൾ പുറത്താക്കി. 50% സർക്കാറിനെയും നമുക്ക് പുറത്താക്കണമെന്നും ഖാർഗെ പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് ബി.ജെ.പി പിന്നാക്ക വിഭാഗക്കാരെ തേടിവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Similar Posts