ലഡാക്ക് കൗൺസിൽ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് കോൺഗ്രസ്
|ബിജെപി സ്ഥാനാർഥിയെ 273 വോട്ടുകൾക്കാണ് കോൺഗ്രസ് പരാജയപ്പെടുത്തിയത്.
ലഡാക്ക്: ബിജെപി നേതൃത്വത്തിലുള്ള ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിലിൽ (എൽ.എ.എച്ച്.ഡി.സി) ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് കോൺഗ്രസ്. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ കൗൺസിലിലെ തിമിസ്‌ഗാം സീറ്റ് കോൺഗ്രസ് നിലനിർത്തി.
ബിജെപി സ്ഥാനാർഥിയെ 273 വോട്ടുകൾക്കാണ് കോൺഗ്രസ് പരാജയപ്പെടുത്തിയത്. ഉപതിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 1460 വോട്ടുകളിൽ 861ഉം കോൺഗ്രസ് സ്ഥാനാർഥി നേടി.
ബിജെപിക്ക് 588 വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നപ്പോൾ നോട്ട 14 വോട്ടുകൾ നേടി. 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ ആകെയുള്ള 26 സീറ്റുകളിൽ 15 എണ്ണം ബിജെപിക്കും ഒമ്പതെണ്ണം കോൺഗ്രസിനുമാണുള്ളത്. രണ്ട് സീറ്റുകളിൽ സ്വതന്ത്രരാണുള്ളത്.
ലഡാക്കിൽ നിന്നുള്ള എം.പി ജംയാങ് സെറിങ് നംഗ്യാൽ, ചീഫ് എക്സിക്യുട്ടീവ് കൗൺസിലർ താഷി ഗ്യാൽസൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ നേരിട്ട് പ്രചരണത്തിനിറക്കിയ ബി.ജെ.പി തിമിസ്ഗാമിൽ വിജയിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലായിരുന്നു. എന്നാൽ വോട്ടെണ്ണിയതോടെ അത് പാളി.
തൊഴിലും ഭൂമിയും സംസ്കാരവും സംരക്ഷിക്കാനായി പ്രദേശത്ത് ഭരണഘടനയുടെ ആറാം ഷെഡ്യൂൾ നീട്ടണമെന്ന് ലഡാക്കിലെ ജനങ്ങൾ ആഗ്രഹിക്കുന്നു, എന്നാൽ ആവർത്തിച്ചുള്ള ആവശ്യങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടായിട്ടും അത് ഉറപ്പാക്കുന്നതിൽ ബി.ജെ.പി പരാജയപ്പെട്ടതായി മുതിർന്ന കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ ടി നംഗ്യാൽ പറഞ്ഞു.
ലഡാക്കിലെ സാധാരണക്കാരുടെ വികാരങ്ങളും അഭിലാഷങ്ങളും ദേശീയ നേതൃത്വത്തിന് മുന്നിൽ പ്രതിഫലിപ്പിക്കുന്നതിൽ പ്രാദേശിക ബി.ജെ.പി നേതാക്കൾ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോൺഗ്രസ് ജനങ്ങൾക്കായി ശബ്ദം ഉയർത്തുന്നത് തുടരുമെന്നും നംഗ്യാൽ കൂട്ടിച്ചേർത്തു.