India
naseer hussain congress mp

നസീർ ഹുസൈനുമായി ആഹ്ലാദ പ്രകടനം നടത്തുന്ന കോൺഗ്രസ് പ്രവർത്തകർ

India

​കോൺഗ്രസ് പ്രവർത്തകർ വിളിച്ചത് നസീർ സാബ് സിന്ദാബാദ്; പാകിസ്താൻ സിന്ദാബാദ് എന്നാക്കി അമിത് മാളവ്യ -വീഡിയോ

Web Desk
|
27 Feb 2024 5:36 PM GMT

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാണ് നസീർ ഹുസൈൻ

ബംഗളൂരു: കർണാടകയിൽ രാജ്യസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി ഡോ. സെയ്ദ് നസീർ ഹുസൈനുമായി പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനം രാജ്യവിരുദ്ധമായി ചിത്രീകരിച്ച് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ. നസീർ സാബ് സിന്ദാബാദ് എന്നായിരുന്നു കോ​ൺഗ്രസ് പ്രവർത്തകർ ആഹ്ലാദ പ്രകടനത്തിനിടെ വിളിച്ചത്.

എന്നാൽ, പാകിസ്താൻ സിന്ദാബാദ് എന്നാണ് വിളിച്ചതെന്ന് പറഞ്ഞ് അമിത് മാളവ്യ എക്സിൽ വീഡിയോ പങ്കുവെക്കുകയായിരുന്നു. കോൺഗ്രസിൻ്റെ പാകിസ്താനോടുള്ള അഭിനിവേശം അപകടകരമാണ്. ഇത് ഇന്ത്യയെ വിഭജനത്തിലേക്ക് കൊണ്ടുപോകും. നമുക്ക് അത് താങ്ങാൻ കഴിയില്ലെന്നും അമിത് മാളവ്യ എക്സിൽ കുറിച്ചു.

അമിത് മാളവ്യക്കെതിരെ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് രംഗത്തുവന്നു. നസീർ സാബ് സിന്ദാബാദ് എന്നതിനെ പാകിസ്താൻ സിന്ദാബാദ് എന്ന രീതിയിൽ ആശയക്കുഴപ്പത്തിലാകാൻ മാത്രം നിങ്ങൾ മാനസികമായി തകർന്നിരിക്കണം. നസീർ സാബ് എന്നാണ് കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദ പ്രകടനത്തിനിടെ വിളിച്ചത്. അല്ലാതെ നിങ്ങളുടെ ഭാവനയിലുള്ള രാജ്യമല്ല. ലജ്ജയില്ലാതെ കള്ളം പറയുന്നത് നിർത്തണമെന്നും ബി.വി. ശ്രീനിവാസ് പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാണ് ഡോ. സെയ്ദ് നസീർ ഹുസൈൻ. കർണാടകയിൽ ഒഴിവുള്ള നാലു രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂന്നിലും കോൺഗ്രസാണ് ജയിച്ചത്. ബി.ജെ.പി ഒരു സീറ്റിൽ ജയിച്ചു.

അജയ് മാക്കൻ, ജി.സി. ചന്ദ്രശേഖർ എന്നിവരാണ് കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച മറ്റു രണ്ടുപേർ. നാരായണ കെ. ഭണ്ഡാഗെയാണ് ജയിച്ച ബി.ജെ.പി സ്ഥാനാർഥി.



Similar Posts