India
ബിജെപിയുടെ ബാങ്ക് ബാലൻസ് 5425 കോടി, കോൺഗ്രസിന്റേത് 162 കോടി- അപ്രതീക്ഷിത നീക്കത്തിൽ അമ്പരന്ന് കോൺഗ്രസ്
India

ബിജെപിയുടെ ബാങ്ക് ബാലൻസ് 5425 കോടി, കോൺഗ്രസിന്റേത് 162 കോടി- അപ്രതീക്ഷിത നീക്കത്തിൽ അമ്പരന്ന് കോൺഗ്രസ്

Web Desk
|
16 Feb 2024 7:05 AM GMT

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കവെയാണ് കോൺഗ്രസിനെതിരെയുള്ള നടപടി

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് റദ്ദാക്കിയ സുപ്രിം കോടതി വിധിക്ക് പിന്നാലെ പാർട്ടി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച കേന്ദ്രസർക്കാർ നീക്കത്തിൽ അമ്പരന്ന് കോൺഗ്രസ്. പാർട്ടി ട്രഷറർ അജയ് മാക്കനാണ് അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്. യൂത്ത് കോൺഗ്രസിന്റേത് അടക്കമുള്ള അക്കൗണ്ടുകൾ ഫ്രീസ് ചെയ്തു എന്നാണ് കോൺഗ്രസിന്റെ ആരോപണം.

2018-19 സാമ്പത്തിക വർഷത്തെ അക്കൗണ്ട് വിവരങ്ങൾ 45 ദിവസം വൈകി സമർപ്പിച്ചതിന്റെ പേരിലാണ് ആദായനികുതി വകുപ്പ് കോൺഗ്രസിനെതിരെ നടപടി കൈക്കൊണ്ടത് എന്നാണ് വിവരം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കവെയാണ് കോൺഗ്രസ് നടപടി നേരിടുന്നത്.

ബാങ്ക് ബാലൻസുകൾ

മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന്റെയും ഭരണകക്ഷിയായ ബിജെപിയുടെയും ബാങ്ക് ബാലൻസുകൾ തമ്മിൽ ശതകോടികളുടെ അന്തരമുണ്ട്. 2023 മാർച്ചിൽ 162 കോടി മാത്രമാണ് കോൺഗ്രസിന്റെ ബാങ്ക് ബാലൻസ്. ഇതേകാലയളവിൽ ബിജെപിയുടെ ബാങ്ക് അക്കൗണ്ടിലുള്ളത് 5424 കോടി രൂപ.


കോണ്‍ഗ്രസിന്‍റെ അക്കൌണ്ട് ബാലന്‍സ്
കോണ്‍ഗ്രസിന്‍റെ അക്കൌണ്ട് ബാലന്‍സ്


ഇന്ത്യൻ ജനാധിപത്യത്തിനു നേരെ ആഴമേറിയ ആക്രമണമാണ് നടന്നിട്ടുള്ളതെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖർഗെ പ്രതികരിച്ചു. 'അധികാരത്തിന്റെ മത്തു പിടിച്ച മോദി സർക്കാർ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ്. ഭരണഘടനാ വിരുദ്ധമായി സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് ബിജെപി. എന്നാൽ ക്രൗഡ് ഫണ്ടിങ്ങിലൂടെ ലഭിച്ച പണം സീൽ ചെയ്യുകയും ചെയ്തു. ഭാവിയിൽ തെരഞ്ഞെടുപ്പ് ഉണ്ടാകില്ല എന്ന് ഇതുകൊണ്ടാണ് ഞാൻ നേരത്തെ പറഞ്ഞത്. ഈ രാജ്യത്തെ ബഹുകക്ഷി സംവിധാനവും ജനാധിപത്യവും രക്ഷിക്കാൻ ഇന്ത്യൻ ജുഡീഷ്യറിയോട് അഭ്യർത്ഥിക്കുന്നു. ഏകാധിപത്യത്തിനെതിരെ തെരുവിൽ പോരാടും'- ഖർഗെ വ്യക്തമാക്കി.


ബിജെപിയുടെ അക്കൌണ്ട് ബാലന്‍സ്

ബിജെപിയുടെ അക്കൌണ്ട് ബാലന്‍സ്


ചർച്ചയായി ഇലക്ടറൽ ബോണ്ട്

കോൺഗ്രസ് അക്കൗണ്ട് മരവിപ്പിച്ച വേളയിൽ ചർച്ചയാകുന്നത് ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കിയ സുപ്രിം കോടതി വിധിയാണ്. ഇലക്ടറൽ ബോണ്ടുകളുടെ യഥാർഥ പ്രായോജകർ ബിജെപിയായിരുന്നു എന്നാണ് കണക്കുകൾ പറയുന്നത്. 2017-18 മുതൽ 2021-22 വരെ ബോണ്ടുകൾ വഴി ഏറ്റവും കൂടുതൽ പണമുണ്ടാക്കിയ പാർട്ടി ബിജെപിയാണ്- 5271.97 കോടി. ഇക്കാലയളവിൽ കോൺഗ്രസിന് കിട്ടിയത് 952.29 കോടിയാണ്. തൃണമൂൽ കോൺഗ്രസിന് 767.88 കോടിയും ബിജു ജനതാദളിന് 622 കോടിയും ലഭിച്ചു. ഡിഎംകെ 431.50 കോടി, എൻസിപി 51.15 കോടി, എഎപി 48.83 കോടി, ജെഡിയു 24.4 കോടി എന്നിങ്ങനെയാണ് മറ്റു പാർട്ടികൾക്ക് ലഭിച്ച സംഭാവനയുടെ കണക്കുകൾ.

ഭരണഘടനാ വിരുദ്ധവും വിവരാവകാശ നിഷേധവുമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കിയത്. പദ്ധതി നടപ്പാക്കാൻ ജനപ്രാതിനിധ്യ നിയമം, ആദായനികുതി വകുപ്പ് നിയമം, കമ്പനീസ് ആക്ട് തുടങ്ങിയവയിൽ സർക്കാർ കൊണ്ടുവന്ന ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 2019 ഏപ്രിൽ 12 മുതലുള്ള ബോണ്ടുകളുടെ വിശദാംശങ്ങൾ പ്രസിദ്ധപ്പെടുത്തണമെന്ന് എസ്ബിഐയോട് കോടതി നിർദേശിച്ചിട്ടുണ്ട്.

Similar Posts