'എല്ലാ വർഷവും സമ്മേളനങ്ങൾ സംഘടിപ്പിക്കണം': ചിന്തൻശിബിരിൽ പത്തിന നിർദേശങ്ങളുമായി കെ.പി.സി.സി
|കണക്കുകൾ ഓഡിറ്റ് ചെയ്യാൻ സമിതികൾ ഓരോ ഘടകത്തിലും വേണം ദുരന്തനിവാരണ നിവാരണ സേന ഡി.സി.സി തലത്തിൽ രൂപീകരിക്കണം തുടങ്ങിയ നിർദേശങ്ങളുമുണ്ട്.
ജയ്പൂര്‍: ചിന്തൻശിബിരിൽ പത്തിന നിർദേശങ്ങളുമായി കെ.പി.സി.സി. എല്ലാ വർഷവും സമ്മേളനങ്ങൾ സംഘടിപ്പിക്കണമെന്നും ബ്ലോക്ക് തലത്തിൽ പാർട്ടി ഓഫീസുകൾ രാജ്യവ്യാപകമായി നിർമിക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു. കണക്കുകൾ ഓഡിറ്റ് ചെയ്യാൻ സമിതികൾ ഓരോ ഘടകത്തിലും വേണം ദുരന്തനിവാരണ നിവാരണ സേന ഡി.സി.സി തലത്തിൽ രൂപീകരിക്കണം തുടങ്ങിയ നിർദേശങ്ങളുമുണ്ട്. നിർദേശങ്ങളുടെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
അതേസമയം ബൂത്ത് തലം മുതൽ എ.ഐ.സി.സി വരെ ചെറുപ്പക്കാർക്ക് അൻപത് ശതമാനം ഭാരവാഹിത്വം നൽകണമെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുകയാണ് ചിന്തൻ ശിബിരിന്റെ ഭാഗമായി രൂപീകരിച്ച യുവസമിതി. പഞ്ചാബ് പി.സി.സി അധ്യക്ഷൻ കൂടിയായ അമരീന്ദർ സിംഗ് വാരിങ് ആണ് ചെറുപ്പക്കാർക്ക് വേണ്ടി മുന്നിൽ നിന്നു വാദിക്കുന്നത്. ചെറുപ്പക്കാർക്ക് കൂടുതൽ അവസരം നൽകണമെന്ന് അമരീന്ദർ സിംഗ് വാരിങ് മീഡിയവണിനോട് പറഞ്ഞു.
വോട്ടർമാരിൽ ബഹുഭൂരിപക്ഷവും ചെറുപ്പക്കാരായിട്ട് പോലും ഭാരവാഹിത്വം പരിഗണിക്കുമ്പോൾ വിരലിൽ എണ്ണാവുന്നവരെ മാത്രമാണ് പരിഗണിക്കുന്നത്. ഇത്തവണ ചെറുപ്പക്കാരുടെ അവകാശങ്ങൾ പിടിച്ചു വാങ്ങാൻ തന്നെയാണ് അമരീന്ദർ സിംഗ് വാരിങ്ങിന്റെ പുറപ്പാട്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നൽകിയ ഭൂരിപക്ഷം ചെറുപ്പക്കാരും തെരഞ്ഞെടുപ്പിൽ തോറ്റത് ഈ മുന്നേറ്റത്തെ പിന്നോട്ടടിക്കാനുള്ള കാരണമല്ലെന്നു അമരീന്ദർ പറയുന്നു.