'പാഞ്ച് പ്യാരെ' പരാമര്‍ശം കുടുക്കി; ഗുരുദ്വാറില്‍ ഭക്തരുടെ ഷൂ തുടച്ച് ഹരീഷ് റാവത്തിന്റെ പ്രായശ്ചിത്തം
|സിഖ് മത വിശ്വാസപ്രകാരം പവിത്ര പുരുഷന്മാരായ അഞ്ചു പേരെ വിശേഷിപ്പിക്കുന്ന 'പാഞ്ച് പ്യാരെ'
കോൺഗ്രസ് പഞ്ചാബ് നേതൃത്വത്തെ 'പാഞ്ച് പ്യാരെ'യെന്ന് വിശേഷിപ്പിച്ചതിന് വ്യത്യസ്ത രീതിയില്‍ പ്രായശ്ചിത്തം ചെയ്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത്. ഉത്തരാഖണ്ഡ് ഉദ്ദംസിങ് നഗറിലെ ഖതിമക്ക് സമീപത്തെ നാനക്മത്ത ഗുരുദ്വാരയുടെ തറ തുടച്ചും ഭക്തരുടെ ഷൂ വൃത്തിയാക്കിയുമായിരുന്നു പ്രായശ്ചിത്തം.
സിഖ് മത വിശ്വാസപ്രകാരം പവിത്ര പുരുഷന്മാരായ അഞ്ചു പേരെ വിശേഷിപ്പിക്കുന്ന 'പാഞ്ച് പ്യാരെ'. അതുകൊണ്ടുതന്നെ പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃത്വത്തെ കളിയാക്കി ഹരീഷ് റാവത്ത് ഈ പരാമര്‍ശം നടത്തിയതില്‍ വിവിധ സിഖ് സംഘടനകൾ രംഗത്തെത്തിയിരുന്നു. പദം കോൺഗ്രസ് നേതാക്കൾക്ക് ചാർത്തിക്കൊടുത്തതാണ് വിനയായത്.
പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഖ് സംഘടനകൾ രംഗത്തെത്തിയതോടെ വിവാദ പരാമർശം പിൻവലിച്ച് ഹരീഷ് റാവത്ത് മാപ്പ് പറഞ്ഞിരുന്നു. പ്രായശ്ചിത്തമായി ഗുരുദ്വാരയിലെ നിലം വൃത്തിയാക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി അറിയിച്ചു. പഞ്ചാബ് കോൺഗ്രസിലെ പിണക്കം തീർക്കാൻ ചൊവ്വാഴ്ച ചണ്ഡീഗഢിലെത്തിയതായിരുന്നു ഹരീഷ് റാവത്ത്.