ഒരൊറ്റ ഉടലിൽ രണ്ട് വോട്ട്; ചരിത്രം കുറിച്ച് സോഹൻ-മോഹൻ
|2003 ജൂൺ 13ന് ഒരൊറ്റ ഉടലില്‍ പിറന്നുവീണ സയാമീസ് ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവത്തിനു പിന്നാലെ മാതാപിതാക്കള്‍ ഡൽഹിയിലെ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു
പഞ്ചാബിലെ അമൃത്സറിൽനിന്നുള്ള സയാമീസ് ഇരട്ടകളായ സോഹനും മോഹനും ഇതാദ്യമായല്ല വാര്‍ത്തകളില്‍ നിറയുന്നത്. ഒരൊറ്റ ഉടലില്‍ പിറന്നുവീണതിനു പിന്നാലെ അച്ഛനും അമ്മയും അനാഥരാക്കിയ ഈ സഹോദരങ്ങൾ ഇപ്പോൾ ഒരു അപൂര്‍വനിമിഷത്തിന്‍റെ ആത്മനിര്‍വൃതിയിലാണ്. കഴിഞ്ഞ വർഷത്തോടെ ഔദ്യോഗിക തിരിച്ചറിയൽ രേഖ സ്വന്തമാക്കിയ ഇരട്ടകൾ ഇന്ന് ജീവിതത്തിലെ ആദ്യ സമ്മതിദാനവും നിർവഹിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ്.
ഒരേ ഉടലിൽ ഇത്രയും കാലം ഉണ്ടുറങ്ങിക്കഴിഞ്ഞ സോഹനും മോഹനും ഒടുവിൽ രണ്ടു സ്വതന്ത്ര വ്യക്തികളായാണ് ഇന്ന് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയത്. രണ്ടുപേരുടെയും സ്വകാര്യതയും സ്വതന്ത്രവ്യക്തിത്വവും പരിഗണിച്ചായിരുന്നു അമൃത്സറിലെ മനവാൾ പോളിങ് ബൂത്ത് നമ്പർ 101ൽ വോട്ടെടുപ്പിന് സൗകര്യമൊരുക്കിയത്.
അതൊരു അത്യപൂർവ സംഭവമായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചിരുന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ആ നിമിഷം കൃത്യമായി വിഡിയോയില്‍ പകർത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു. സയാമീസ് ഇരട്ടകളാണ് അവർ; അതേസമയം രണ്ടു വോട്ടർമാരും. കൂളിങ് ഗ്ലാസ് നൽകിയായിരുന്നു രണ്ടുപേരുടെയും സ്വകാര്യത ഉറപ്പാക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Conjoined twins, Sohna and Mohna, cast their votes at polling booth no.101 in Manawala, Amritsar. #PunjabElections pic.twitter.com/qx2pxuJ2N9
— ANI (@ANI) February 20, 2022
സോഹ്ന-മോഹ്ന സഹോദരങ്ങളെന്ന പേരിൽ പ്രശസ്തരായ സോഹൻ സിങ്ങിനും മോഹൻ സിങ്ങിനും കഴിഞ്ഞ വർഷമാണ് 18 തികഞ്ഞത്. പിന്നാലെയാണ് വ്യത്യസ്ത വോട്ടർമാരായി പരിഗണിച്ച് രണ്ട് തിരിച്ചറിയൽ കാർഡുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരുവര്‍ക്കും സമ്മാനിച്ചത്.
ഒറ്റക്കരൾ പകുത്ത് ഇരുഹൃദയത്തിലോടി അവർ രണ്ടുപേർ
2003 ജൂൺ 13ന് ജനിച്ച സയാമീസ് ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവത്തിനു പിന്നാലെ മാതാപിതാക്കള്‍ ഡൽഹിയിലെ സുചേത കൃപാലിനി ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ജനിച്ച സമയത്ത് ഒറ്റ ശരീരമായിരുന്നെങ്കിലും വ്യത്യസ്ത ഹൃദയവും വൃക്കയും നട്ടെല്ലുമായിരുന്നു ഇവർക്ക് ഉണ്ടായിരുന്നത്. രണ്ടുവീതം കൈകളുമുണ്ടായിരുന്നു. എന്നാൽ, കരളും പിത്താശയവും പ്ലീഹയുമെല്ലാം ഒന്നേയുണ്ടായിരുന്നുള്ളൂ. രണ്ടുപേർക്കുമായി രണ്ടുകാൽ മാത്രവും.
ഡൽഹി ആശുപത്രിയിൽനിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ എയിംസിലേക്ക് മാറ്റി. എന്നാൽ, രണ്ടുപേരെയും വേർപ്പെടുത്തിയാൽ ഒരാളുടെ ജീവൻ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ആ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് അമൃത്സറിലെ പിംഗൽവാരയിലെ വീട്ടിലേക്ക് ഇവരെ എത്തിക്കുന്നത്. പിന്നീടങ്ങോട്ട് അവർ ഒന്നിച്ചുവളരുകയായിരുന്നു. ഒടുവിൽ സംസ്ഥാനത്തെ പ്രമുഖ ഐ.ടി.ഐയിൽനിന്ന് ഇലക്ട്രിക്കൽ ഡിപ്ലോമയും സ്വന്തമാക്കിയ രണ്ടുപേർക്കും പഞ്ചാബ് സർക്കാരിനു കീഴിലുള്ള പവർ കോർപറേഷനിൽ ജോലിയും ലഭിച്ചു.
Summary: Amritsar's conjoined twins Sohan Singh and Mohan Singh cast their first votes separately in Punjab Polls 2022