ഇന്ധനവില കുറയ്ക്കുന്നതിനെക്കുറിച്ച് കേന്ദ്രം ചർച്ച തുടങ്ങിയതായി റിപ്പോർട്ട്
|105-107 രൂപയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെട്രോൾ വില. ഡീസലിനും പാചകവാതകത്തിനും സമാനമായ വിലവർധനയാണ് ഉണ്ടായത്. പാചകവാതക വില സിലിണ്ടറിന് 1000 രൂപയിലേക്ക് അടുക്കുകയാണ്.
കുതിച്ചുയരുന്ന ഇന്ധനവില കുറയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ ധനകാര്യ മന്ത്രാലയവുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ട്. കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എല്ലാ ദിവസവും തുടർച്ചായി വില വർധിപ്പിച്ചതിനെ തുടർന്ന് രാജ്യത്ത് ഇന്ധനവില 110 രൂപയിലേക്ക് അടുക്കുന്നതിനിടെയാണ് പുതിയ റിപ്പോർട്ട്.
കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് നികുതി കുറയ്ക്കുന്നതിനെ കുറിച്ചുള്ള ചർച്ചയാണ് നടക്കുന്നത്. അസംസ്കൃത എണ്ണവില കുറയ്ക്കുന്നത് സംബന്ധിച്ച് എണ്ണയുൽപാദക രാജ്യങ്ങളുമായും കേന്ദ്രം ചർച്ച നടത്തുന്നുണ്ട്. അടുത്ത മൂന്നു മാസത്തിനുള്ളിൽ എണ്ണവില ബാരലിന് 70 ഡോളറിന് താഴെയെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് വിവിധ രാജ്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
105-107 രൂപയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെട്രോൾ വില. ഡീസലിനും പാചകവാതകത്തിനും സമാനമായ വിലവർധനയാണ് ഉണ്ടായത്. പാചകവാതക വില സിലിണ്ടറിന് 1000 രൂപയിലേക്ക് അടുക്കുകയാണ്. അടുത്ത വർഷം യു.പി അടക്കമുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജനരോഷം തണുപ്പിക്കാൻ കേന്ദ്രം പുതിയ നീക്കം തുടങ്ങിയതെന്നാണ് സൂചന.
വാജ്പേയ് സർക്കാറിൽ ധനമന്ത്രിയായിരുന്ന, ഇപ്പോൾ തൃണമൂൽ കോൺഗ്രസ് നേതാവായ യശ്വന്ത് സിൻഹ ഇന്ധനവില വർധനയിൽ കടുത്ത വിമർശനവുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. 'നമ്മൾ ഒരു മരിച്ച ജനതയാണ്. ഓരോ ദിവസവും പെട്രോൾ, ഡീസൽ, എൽ.പി.ജി വില അന്യായമായി വർധിപ്പിക്കുമ്പോഴും നമ്മൾ അതിനോട് സന്ധിചെയ്യുകയാണ്. 2014ൽ 75,000 കോടി രൂപയാണ് സർക്കാർ ടാക്സ് ഇനത്തിൽ നേടിയതെങ്കിൽ ഇന്ന് 3.50 ലക്ഷം കോടിയാണ് ടാക്സായി നേടുന്നത്. ഇതൊരു പകൽക്കൊള്ളയാണ'്-യശ്വന്ത് സിൻഹ ട്വീറ്റ് ചെയ്തു.
We are a country of dead people. Nowhere else would people have tolerated the daily and unjustified rise in petrol, diesel and lpg prices. If the govt collected Rs 75,000 cr in taxes in 2014, it is today collecting 3.50 lakh cr. Isn't it daylight robbery?
— Yashwant Sinha (@YashwantSinha) October 17, 2021