India
Constantly facing work pressure; Employees email defends EY company, laetst news malayalam, നിരന്തരമായി ജോലി സമ്മർദ്ദം നേരിടേണ്ടിവരുന്നു; ഇ.വൈ കമ്പനിയെ പ്രതിരോധത്തിലാക്കി ജീവനക്കാരിയുടെ ഇമെയിൽ
India

നിരന്തരമായി ജോലി സമ്മർദ്ദം നേരിടേണ്ടിവരുന്നു; ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി ജീവനക്കാരിയുടെ ഇമെയിൽ

Web Desk
|
20 Sep 2024 5:48 AM GMT

ആഭ്യന്തര സമിതിക്ക് മുന്നിൽ പരാതി നൽകിയാൽ പ്രതികാര നടപടികൾ ഉണ്ടാകുമെന്നും ഇമെയിലിൽ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ

ന്യൂഡൽഹി: പൂനെയിൽ ഇ.വൈ ബഹുരാഷ്ട്ര കമ്പനിയിലെ മലയാളി ജീവനക്കാരിയെ മരിച്ചനിലയിൽ കണ്ടെത്തിയതിന്റെ വിവാദങ്ങൾക്കു പിന്നാലെ കമ്പനിയെ പ്രതിരോധത്തിലാക്കി സ്ഥാപന ജീവനക്കാരിയുടെ ഇമെയിൽ പരാതി. ഇവൈ കമ്പനിയിലെ ജീവനക്കാരിയായ നസീറ കാസി, ചെയർമാന് അയച്ച മെയിലാണ് പുറത്തുവന്നത്.

കമ്പനിയിൽ ജോലി സമ്മർദ്ദം നിരന്തരമായി നേരിടേണ്ടിവരുന്നുണ്ടെന്ന് നസീറ മെയിലിൽ വ്യക്തമാക്കി. ആഭ്യന്തര സമിതിക്ക് മുന്നിൽ പരാതി നൽകിയാൽ പ്രതികാര നടപടികൾ ഉണ്ടാകുമെന്നും നസീറ മെയിലിൽ പറഞ്ഞു. അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കമ്പനി ചെയർമാൻ അയച്ച സന്ദേശത്തിന് മറുപടിയായാണ് നസീറ കാസി മെയിൽ അയച്ചത്.

അതേസമയം സംഭവ‌ത്തിൽ നിയമനടപടികളുമായി മുന്നോട്ടു പോകാൻ ഉദ്ദേശിക്കുന്നില്ലെന്ന് അന്നയുടെ പിതാവ് മീഡിയവണിനോട് പറഞ്ഞു. കമ്പനിയിലെ തൊഴിൽ സമ്മർദ്ദവുമായി ബന്ധപ്പെട്ട കത്തുകൾ പുറത്തുവന്നത് കമ്പനി ജീവനക്കാരിലൂടെ തന്നെയാണെന്നും തൊഴിൽ സമ്മർദ്ദം പുറത്തുവരണമെന്ന് ആഗ്രഹിക്കുന്ന ജീവനക്കാരാണ് കത്ത് പുറത്തു വിട്ടതെന്നും അന്നയുടെ പിതാവ് പറഞ്ഞു.

ചില മാധ്യമങ്ങളിൽ വ്യാജവാർത്തകൾ വരുന്നതായി സുഹൃത്തുക്കൾ വിളിച്ചു പറഞ്ഞിരുന്നു. പൂനയിൽ മാത്രം ജോലിഭാരം മൂലം ആറു പേർ രാജിവെച്ചതായി മകൾ പറഞ്ഞിരുന്നു. മകളോടും റിസൈൻ ചെയ്ത് വരാൻ ആവശ്യപ്പെട്ടിരുന്നു. പൂനെ ഓഫീസിൽ നിന്നും കഴിഞ്ഞ ദിവസം നാല് പേർ വന്നിരുന്നു, പക്ഷേ എന്തെങ്കിലും നടപടിയെടുക്കാം എന്ന് അവർ പറഞ്ഞില്ല. അദ്ദഹം പറഞ്ഞു.

സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്ദ്ലാജെ പ്രഖ്യാപിച്ചിരുന്നു. ജൂലൈ 20നാണ് അന്ന സെബാസ്റ്റ്യനെ കുഴഞ്ഞുവീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പത്ത് ദിവസം മുമ്പ് അന്നയുടെ അമ്മ കമ്പനി ചെയർമാനയച്ച കത്ത് പുറത്തുവന്നതോടെയാണ് വിഷയത്തിൽ പ്രതിഷേധം ശക്തമായത്.

Similar Posts