'തുടർച്ചയായി ദ്രോഹിക്കുന്നു'; ബി.വി ശ്രീനിവാസിനെതിരെ യൂത്ത് കോൺഗ്രസ് വനിതാ നേതാവ്
|പ്രതികരിക്കാതെ എ.ഐ.സി.സി, ഐ.വൈ.സി നേതൃത്വം
ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ ബി.വി ശ്രീനിവാസിനെതിരെ പരാതിയുമായി അസം യൂത്ത് കോൺഗ്രസ് അധ്യക്ഷ അംഗിത ദത്ത. ശ്രീനിവാസ് തുടർച്ചയായി ദ്രോഹിക്കുകയും തനിക്കെതിരെ പോസ്റ്ററുകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി. എ.ഐ.സി.സി നേതൃത്വത്തിന് പരാതി നൽകിയിട്ട് നടപടിയുണ്ടായില്ലെന്നും അംഗിത ആരോപിച്ചു.
ആറ് മാസമായി ബി.വി ശ്രീനിവാസും ഐ.വൈ.സി ജനറൽ സെക്രട്ടറി ഇൻചാർജ് വർധൻ യാദവും തന്നെ ദ്രോഹിക്കുകയാണെന്നാണ് അംഗിതയുടെ പരാതി. ഇരുവരും ചേർന്ന് പലയിടത്തും തന്നെ അവഗണിച്ചിട്ടുണ്ട്. റായ്പൂരിൽ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് എത്തിയപ്പോൾ ഏത് മദ്യമാണ് കുടിക്കുന്നതെന്ന് ബി.വി ശ്രീനിവാസ് ചോദിച്ചു. പാർട്ടി മീറ്റിംങ്ങുകളിൽ ഉൾപ്പെടെ തന്നെ അവഹേളിക്കുകയാണ്. ബി.ജെ.പിയിലേക്ക് പോകൂ എന്ന് പറഞ്ഞ് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മയ്ക്ക് ഒപ്പമുള്ള ഫോട്ടോകൾ ഉൾപ്പെടെ പ്രചരിപ്പിച്ചതായും അംഗിത ആരോപിച്ചു.
പരാതിപ്പെട്ടെങ്കിലും എ.ഐ.സി.സിയുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെന്നും അന്വേഷിക്കാൻ ഒരു കമ്മീഷനെയും നിയോഗിച്ചില്ലെന്നും അംഗിത ചൂണ്ടിക്കാട്ടി. തന്റെ പരാതിയിൽ എത്രയും വേഗം പരിഹാരമുണ്ടായില്ലെങ്കിൽ കടുത്ത തീരുമാനങ്ങളിലേക്ക് പോകാനാണ് അംഗിതയുടെ തീരുമാനം. അതേസമയം ഈ വിഷയത്തിൽ എ.ഐ.സി.സി, ഐ.വൈ.സി നേതൃത്വം മൗനം തുടരുകയാണ്.