India
ഇസ്രായേലിൽ നിർമാണ ജോലി: ആദ്യ ഇന്ത്യൻ സംഘം യാത്രതിരിച്ചു
India

ഇസ്രായേലിൽ നിർമാണ ജോലി: ആദ്യ ഇന്ത്യൻ സംഘം യാത്രതിരിച്ചു

Web Desk
|
4 April 2024 4:18 AM GMT

ഹരിയാന, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളത്

ന്യൂഡൽഹി: ഇസ്രായേലിൽ നിർമാണ ജോലിക്കായുള്ള ആദ്യ ഇന്ത്യൻ സംഘം യാത്രതിരിച്ചു. 64 പേരാണ് ആദ്യ ബാച്ചിലുള്ളതെന്ന് ഇന്ത്യയിലെ ഇസ്രായേൽ പ്രതിനിധി നയോർ ഗിലോൺ പറഞ്ഞു.

‘ഈ തൊഴിലാളികൾ ഇരുരാജ്യത്തെയും മഹത്തായ ജനങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ അംബാസർമാരായി മാറും. ഇരുസർക്കാറുകളും തമ്മിൽ തയാറാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇവർ പോകുന്നത്. തൊഴിലാളികളെ സജ്ജമാക്കിയെ നാഷനൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷനെ അഭിനന്ദിക്കുന്നു’ -നയോർ ഗിലോൺ ‘എക്സി’ൽ കുറിച്ചു.

ഹരിയാന, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഫലസ്തീനികളെ ഇസ്രായേലിൽ ജോലി ചെയ്യുന്നത് വിലക്കിയിരുന്നു. ഇതിനെ തുടർന്ന് ഒരു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്യണമെന്ന് ഇസ്രായേൽ സർക്കാർ ഇന്ത്യയോട് അഭ്യർഥിച്ചു.

ഇതിന്റെ ഭാഗമായി ഹരിയാനയിലും ഉത്തർപ്രദേശിലും വലിയ റിക്രൂട്ട്മെന്റ് പ്രവർത്തനങ്ങളാണ് നടന്നത്. ഇന്ത്യൻ തൊഴിലാളികളെ ഇസ്രായേലിലേക്ക് അയക്കരുതെന്ന് സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂനിയൻ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ എതിർപ്പ് അവഗണിച്ച് 1500-ലധികം തൊഴിലാളികളെ ഈ മാസം ഇസ്രായേലിലേക്ക് അയക്കുമെന്നാണ് വിവരം.

കഴിഞ്ഞമാസം വടക്കൻ ഇസ്രായേലി​ൽ ജോലി ചെയ്തിരുന്ന മലയാളി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലിൽ 18,000ത്തിലധികം പരിചരണക്കാരും മറ്റു പ്രഫഷനലുകളുമുണ്ട്. അവരുടെ സുരക്ഷ മുഖ്യപരിഗണനായണെന്നാണ് വിദേശകാര്യ മന്ത്രാലയം വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞത്.

Similar Posts