ബാഗ് നഷ്ടപ്പെട്ട യാത്രക്കാരിക്ക് റെയിൽവെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി
|ബാഗുകൾ സൂക്ഷിക്കുന്ന കാര്യത്തിൽ പരാതിക്കാരി അശ്രദ്ധ കാണിച്ചതുകൊണ്ടാണ് മോഷണം നടന്നതെന്ന വാദമാണ് റെയിൽവെ ഉയർത്തിയത്
ന്യൂഡൽഹി: ട്രെയിൻ യാത്രക്കിടെ ബാഗ് നഷ്ടമായ കേസിൽ റെയിൽവെ 1.08 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഡൽഹി ഉപഭോക്തൃ കോടതി. റെയിൽവെയുടെ ഭാഗത്ത് നിന്ന് അശ്രദ്ധയും സേവനങ്ങളിൽ വീഴ്ചയും സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സെൻട്രൽ ഡൽഹിയിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നഷ്ടപരിഹാരത്തിന് വിധിച്ചത്.
80000 രൂപയുടെ സാധനങ്ങളാണ് ബാഗിലുണ്ടായിരുന്നതെന്നും 2016 ജനുവരിയിൽ ഝാൻസിക്കും ഗ്വാളിയോറിനും മധ്യേ, മാൽവ എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് ബാഗ് മോഷണം പോയതെന്നുമായിരുന്നു പരാതി. ന്യൂഡൽഹിക്കാരിയായ ജയകുമാരിയാണ് പരാതിക്കാരി.
ആദ്യം റെയിൽവേക്ക് പരാതി കൊടുത്തപ്പോൾ വേണ്ട രീതിയിൽ പരിഗണിച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചു. പരാതിക്കാരി തന്റെ വസ്തുക്കളുടെ കാര്യത്തിൽ അശ്രദ്ധ കാണിച്ചുവെന്നായിരുന്നു റെയിൽവേയുടെ വാദം. എന്നാല്‍ ഇക്കാര്യം കമ്മീഷന് സ്വീകരിച്ചില്ല. റെയിൽവേയുടെ ഭാഗത്തുനിന്ന് അശ്രദ്ധ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ മോഷണം നടക്കില്ലായിരുന്നുവെന്നും ഉപഭോക്തൃ കോടതി ചൂണ്ടിക്കാട്ടി.
അതേസമയം ഡല്‍ഹിയിലുടനീളം ഓടുന്ന ട്രെയിനുകളില്‍ മോഷണവും പിടിച്ചുപറയും നടക്കുന്നതായുള്ള കണക്കുകളും പുറത്തുവന്നു. ആക്ടിവിസ്റ്റ് ചന്ദ്ര ശേഖർ ഗൗർ സമർപ്പിച്ച വിവരാവകാശ രേഖയ്ക്ക് മറുപടിയായി റെയിൽവേ നൽകിയ ഡാറ്റയിലാണ് ഇക്കാര്യമുള്ളത്. ഡൽഹിയിലുടനീളം ഓടുന്ന ട്രെയിനുകളിൽ പ്രതിദിനം 12 കുറ്റകൃത്യങ്ങൾ നടക്കുന്നതായാണ് കണക്കുകള്‍. മിക്കവാറും മോഷണവും പിടിച്ചുപറിയുമാണ്. 2023 നവംബർ അവസാനം വരെ, 4,342 കുറ്റകൃത്യങ്ങളാണ് ഡൽഹിയിലെ റെയിൽവേ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (ഡി.സി.പി) രേഖപ്പെടുത്തിയത്. 2022 ലെ 3,065 കേസുകളിൽ നിന്ന് 30 ശതമാനമാണ്.
മോഷണക്കേസുകൾ 2022ൽ 2,831ൽ നിന്ന് 2023 നവംബർ 30ന് 3,909 ആയി ഉയർന്നു. വിലപിടിപ്പുള്ള വസ്തുക്കൾ തട്ടിയെടുക്കുന്ന സംഭവങ്ങൾ 2021ൽ 19-ൽ നിന്ന് 2022ൽ 85ഉം 2023ൽ 96ഉം ആയി ഉയർന്നു.