അദാനിക്കെതിരായ ഹിൻഡൻ ബെർഗ് റിപ്പോർട്ടിലെ അന്വേഷണത്തിൽ സെബിക്കെതിരെ കോടതിയലക്ഷ്യ ഹരജി
|കോടതി നൽകിയ സമയപരിധിയിൽ അന്വേഷണം പൂർത്തിയാക്കില്ലെന്ന് ചൂണ്ടികാട്ടി അഭിഭാഷകൻ വിശാൽ തിവാരിയാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്
ഡൽഹി: അദാനിക്കെതിരായ ഹിൻഡൻ ബെർഗ് റിപ്പോർട്ടിലെ അന്വേഷണത്തിൽ സെബിക്കെതിരെ കോടതിയലക്ഷ്യ ഹരജി.കോടതി നൽകിയ സമയപരിധിയിൽ അന്വേഷണം പൂർത്തിയാക്കില്ലെന്ന് ഹരജിയിൽ പറയുന്നു. അഭിഭാഷകൻ വിശാൽ തിവാരിയാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്.
കഴിഞ്ഞ മാർച്ചിലാണ് അദാനിക്കെതിരായ ഹിൻഡൻ ബെർഗ് റിപ്പോർട്ടിൽ അന്വേഷണമാവശ്യപ്പെട്ട് ആദ്യ ഹരജി നൽകിയത്. ഇതിനെ തുടർന്ന് മെയ് 17നുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് പറഞ്ഞുകൊണ്ട് കോടതി ആദ്യം സമയമനുവദിച്ചത്. എന്നാൽ എല്ലാ വശങ്ങളും കൃത്യമായി അന്വേഷിക്കാൻ പറ്റിയില്ലെന്നും സങ്കീർണമായ ഇടപാടുകളാണ് നടത്തിയതെന്നും കാണിച്ചു കൊണ്ട് കൂടുതൽ സമയം വേണമെന്ന് സെബി ആവശ്യപ്പെടുകയായിരുന്നു.
ഇതിനെ തുടർന്ന് കോടതി ഓഗസ്റ്റ് 14നുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. ഇതിനപ്പുറം ഒരു സമയം അനുവദിച്ച് നൽകാനാവില്ലെന്ന് കോടതി ചൂണ്ടികാട്ടുകയും ചെയ്തിരുന്നു. എന്നാൽ അവസാന തിയതി കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കോടതിയലക്ഷ്യ ഹരജി നൽകിയത് .
ഇതിനിടയിലാണ് സെബി മുൻ ചെയർമാൻ അടക്കമുള്ളവർ അദാനിക്ക് വഴി വിട്ട് സഹായിക്കുന്നവെന്ന മാധ്യമ പ്രവർത്തക സംഘടനായ ഒ.സി.സി.ആർ.പിയുടെ റിപ്പോർട്ട് വരുന്നത്. ഈ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ സെബിക്കെതിരെ കൃത്യമായ അന്വേഷണം നടത്തണമെന്നും ഇവർക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിശാൽ തിവാരി ഹരജി നൽകിയത്.