വിവാദ അസം കരാർ; ചട്ടങ്ങൾ തയാറാക്കാൻ എട്ടംഗ സമിതി
|ബംഗാളി മുസ്ലിംകൾ (മിയാസ്), ബംഗാളി ഹിന്ദുക്കൾ, ഗൂർഖകൾ എന്നിവരെ കുടിയേറ്റക്കാരായും അസം നിവാസികളല്ലാതായും കണക്കാക്കുന്നതാണ് കരാർ
ബംഗാളി മുസ്ലിംകൾ (മിയാസ്), ബംഗാളി ഹിന്ദുക്കൾ, ഗൂർഖകൾ എന്നിവരെ കുടിയേറ്റക്കാരായും അസം നിവാസികളല്ലാതായും കണക്കാക്കുന്ന ആറാം ക്ലോസടക്കമുള്ള 1985 ലെ അസം കരാർ നടപ്പാക്കാൻ നീക്കം. ഇതിന് ചട്ടങ്ങൾ തയാറാക്കാൻ അസം സർക്കാർ എട്ടംഗ സമിതി രൂപവത്കരിച്ചു. കമ്മീഷ്ണറും അസം കരാർ നടപ്പാക്കൽ മന്ത്രാലയത്തിന്റെ സെക്രട്ടറിയുമായ ജി.ഡി. ത്രിപാദി ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
തദ്ദേശീയ അസം ജനതയുടെ സാംസ്കാരികവും സാമൂഹികവും ഭാഷാപരവുമായ സ്വത്വവും പൈതൃകവും സംരക്ഷിക്കുന്നതിനായി കേന്ദ്ര പാനൽ തയാറാക്കിയ കരാർ റിപ്പോർട്ട് നടപ്പാക്കാനാണ് നടപടി. പ്രത്യേകിച്ച് ആറാം ക്ലോസാണ് ലക്ഷ്യം. 36 വർഷം മുമ്പുള്ള ഈ കരാർ നടപ്പാക്കുന്നത് സംസ്ഥാനത്തുള്ള അസമേതര സ്വത്വമുള്ളവരെ ലക്ഷ്യമിട്ടുള്ളതാണ്.
ഏഴ്, ഒമ്പത്, 10 എന്നീ ക്ലോസുകൾ നടപ്പാക്കുക, രജിസ്റ്റർ ഓഫ് സിറ്റിസൺ പുതുക്കുക, വെള്ളപ്പൊക്കം, മണ്ണൊലിപ്പ്, അസം പ്രക്ഷോഭത്തിലെ ഇരകൾക്കും രക്തസാക്ഷി കുടുംബങ്ങൾക്കും പുനരധിവാസം നൽകുക എന്നതും സമിതി പരിഗണിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിക്ക് വിഘാതമാകുന്ന തടസ്സങ്ങളും സമിതി പരിഗണിക്കും.
അസം കരാർ മന്ത്രി അതുൽ ബോറയാണ് സമിതിയധ്യക്ഷൻ. ബംഗ്ലാദേശീ കുടിയേറ്റത്തിനെതിരെ സമരം ചെയ്യുന്ന ആൾ അസം സ്റ്റുഡൻറ്സ് യൂനിയനിൽ (എ.എ.എസ്.യു.) നിന്നുള്ള അഞ്ച് അംഗങ്ങളും പാർലമെൻററി കാര്യ മന്ത്രി പിജൂഷ് ഹസാരിക, ധനമന്ത്രി അജന്ത നിയോഗ് എന്നിവരും സമിതിയിലുണ്ടാകും. മൂന്നു മാസത്തിനകം സമിതി റിപ്പോർട്ട് നൽകണമെന്നാണ് സർക്കാർ നിർദേശം.
എന്താണ് അസം കരാർ?
1985 ആഗസ്ത് 15 ന്യൂഡൽഹിയിൽ വച്ച് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാന്നിധ്യത്തിൽ ഗവൺമെൻറ് ഓഫ് ഇന്ത്യയും അസം മൂവ്മെൻറ് നേതാക്കളും തമ്മിൽ ഒപ്പിട്ടതാണ് അസം കരാർ.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം അസമിൽ 1950 ൽ കുടിയേറ്റക്കാരെ പുറത്താക്കാൻ നിയമം കൊണ്ടുവരാൻ സർക്കാർ നിർബന്ധിതരായി. 1951 ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ ദേശീയ പൗരത്വ രജിസ്റ്റർ തയാറാക്കേണ്ടിയിരുന്നു. 1979 മുതൽ ആറുവർഷം അസമിൽ അനധികൃത കുടിയേറ്റത്തിനെതിരെ വൻ പ്രക്ഷോഭം ഉണ്ടായി. 1980 നും 1984 നും ഇന്ദിരഗാന്ധി സർക്കാർ ഇവരുമായി ഒത്തുതീർപ്പിലെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇന്ദിര ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം വന്ന രാജീവ് ഗാന്ധി ഇവരുമായി കരാറിലെത്തുകയായിരുന്നു.
അസമിലെ വിദേശികളുടെ പ്രശ്നം, സാമ്പത്തിക വികസനം, വിദേശികൾക്ക് സ്ഥാവര വസ്തുക്കൾ എടുക്കാനുള്ള നിയന്ത്രണം, സർക്കാർ ഭൂമികളുടെ കയ്യേറ്റം തടയൽ, ജനന- മരണ രജിസ്ട്രേഷനുകൾ, പ്രാദേശിക ജനതകളുടെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സാംസ്കാരിക വ്യക്തിത്വത്തിന്റെ സംരക്ഷണം ഉറപ്പാക്കൽ തുടങ്ങിയവയായിരുന്നു കരാറിലെ പ്രധാന വിഷയങ്ങൾ.
കരാറിലെ ആറാം വകുപ്പ് അസം ജനതയുടെ സാംസ്കാരിക, സാമൂഹിക, ഭാഷാ സ്വത്വവും പാരമ്പര്യവും സംരക്ഷിക്കുന്നതിന് ഭരണഘടനാ, നിയമനിർമാണ നടപടികൾ വിഭാവനം ചെയ്യുന്നതാണ്.
അസം കരാറോടെ 1985 രൂപവത്കരിക്കപ്പെട്ട അസം ഗണ പരിഷത്ത് 1985 മുതൽ 1989 വരെയും 1996 മുതൽ 2001 വരെയും സംസ്ഥാനം ഭരിച്ചിരുന്നുവെങ്കിലും കരാർ പൂർണമായി നടപ്പാക്കാനായിരുന്നില്ല. എന്നാൽ ഹിമന്ദ ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ കരാർ നടപ്പാക്കാനും ഭരണത്തുടർച്ച ഉറപ്പിക്കാനുമുള്ള ശ്രമത്തിലാണ്. ബംഗ്ലാദേശീ കുടിയേറ്റക്കാർക്കെതിരെയുള്ള പ്രവർത്തനങ്ങളിലൂടെയാണ് ശർമ്മ നേതൃപദവിയിലെത്തിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ശർമ്മയിലൂടെയാണ് ബി.ജെ.പി മുന്നേറുന്നത്.
എന്നാൽ അസമിൽ ജീവിക്കുന്ന 80 ശതമാനം മുസ്ലിംകളും നൂറ്റാണ്ടുകളായി അവിടെ ജീവിക്കുന്നവരാണെന്നും 1946 ൽ തങ്ങളുടെ 24 എം.എൽ.എമാർ 1946 ഇന്ത്യ പാക് വിഭജന വോട്ടിങ്ങിൽ രാജ്യത്തിനായി നിലകൊണ്ടിരുന്നുവെന്നും അസം മിയ പരിഷത്ത് ജനറൽ സെക്രട്ടറി എം. മഹർ അലി അസം കരാറിനെ കുറിച്ച് മുമ്പ് വിവാദമുണ്ടായപ്പോൾ പ്രതികരിച്ചിട്ടുണ്ടായിരുന്നു. 1931 ൽ 34 ശതമാനമായിരുന്ന അസം നിവാസികൾ 1951 ൽ 64 ശതമാനമായിട്ടുണ്ടെന്നും മുസ്ലിംകളെ കൂടി കൂട്ടിയാലാണ് കണക്ക് ശരിയാവുകയെന്നും അവർ അസം മാതൃഭാഷയായവരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.