പീഡനക്കേസ്: വിവാദ ആൾദൈവം ആശാറാം ബാപ്പുവിന് ജീവപര്യന്തം
|2013ൽ ആശ്രമത്തിൽ വച്ച് സൂറത്ത് സ്വദേശിനിയായ സ്ത്രീയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ.
അഹമ്മദാബാദ്: വിവാദ ആൾദൈവം ആശാറാം ബാപ്പുവിന് ജീവപര്യന്തം തടവുശിക്ഷ. 2013ൽ ആശ്രമത്തിൽ വച്ച് സൂറത്ത് സ്വദേശിനിയായ സ്ത്രീയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. ഗുജറാത്ത് ഗാന്ധിനഗർ സെഷൻസ് കോടതിയാണ് ആശാറാം ബാപ്പുവിനെ ശിക്ഷിച്ചത്. കേസിൽ ഇയാൾ കുറ്റവാളിയാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു.
50000 രൂപ പിഴയും അടയ്ക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ശിഷ്യയെ ആശ്രത്തിൽ വച്ചും മറ്റു പലയിടങ്ങളിൽ കൊണ്ടുപോയും പീഡിപ്പിച്ചെന്നായിരുന്നു കേസ്. തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.
മറ്റൊരു ബലാത്സംഗ കേസിൽ 2018ൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആശാറാം ബാപ്പു നിലവിൽ നിലവിൽ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലാണ്. ഇവിടെ നിന്നും വീഡിയോ കോൺഫറൻസ് വഴി ഗാന്ധിനഗർ കോടതിയിൽ വിചാരണ നടത്തിയ ശേഷമാണ് ശിക്ഷ വിധിച്ചത്.
ഇയാൾ നിരന്തരം ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നയാളാണെന്ന് കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചതെന്നും ഇത്തരമൊരാൾക്ക് ജീവപര്യന്തത്തിൽ കുറഞ്ഞൊരു ശിക്ഷ നൽകാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി വിധി.
അതേസമയം, കേസിൽ പങ്കുണ്ടായിരുന്ന ഇയാളുടെ ഭാര്യയും മക്കളുമടക്കം അഞ്ച് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു.