മഹാത്മാഗാന്ധിയെ അധിക്ഷേപിച്ച വിവാദ ആൾദൈവം അറസ്റ്റിൽ
|പൊലീസിന് കീഴടങ്ങണമെന്നു ഛത്തീസ്ഗഢ് മുഖ്യമന്ത്രി ആവശ്യപ്പെട്ടപ്പോഴും ഗാന്ധി നിന്ദയുമായി ഇയാൾ മുന്നോട്ടു പോകുകയായിരുന്നു
മഹാത്മാഗാന്ധിയെ അധിക്ഷേപിച്ചും ഗാന്ധി ഘാതകനായ ഗോഡ്‌സെയെ പ്രകീർത്തിച്ചും വിദ്വേഷ പ്രസംഗം നടത്തിയ വിവാദ ആൾ ദൈവം കാളീചരണിനെ മധ്യ പ്രദേശിൽ അറസ്റ്റ് ചെയ്തു. ഛത്തിസ്ഗഢ് പൊലീസാണ് ഇയാളെ ഖജുരാഹോയ്ക്കടുത്ത് വെച്ച് പിടികൂടിയത്. റായ്പൂരിൽ നടന്ന ധർമ സംസദിലാണ് ഗാന്ധിയെയും നെഹ്രുവിനെയും കുറിച്ച് അവമതിപ്പോടെ ഇയാൾ സംസാരിച്ചത്. അതേസമയം ന്യൂനപക്ഷങ്ങളെ വംശഹത്യ നടത്താൻ ആഹ്വാനം ചെയ്ത യതി നരസിംഹാനന്ദ ഗിരി ഉൾപ്പെടെയുള്ളവർക്കെതിരെ ഉത്തരാഖണ്ഡ് പോലീസ് നടപടിയെടുത്തിട്ടില്ല.
കാളീചരണിനെതിരെ കേസെടുത്തുവെന്ന് അറിഞ്ഞപ്പോൾ ,നിലപാട് വീണ്ടും ഇയാൾ ആവർത്തിക്കുകയാണ് ചെയ്തത്. പൊലീസിന് കീഴടങ്ങണമെന്നു ഛത്തീസ്ഗഢ് മുഖ്യമന്ത്രി ആവശ്യപ്പെട്ടപ്പോഴും ഗാന്ധി നിന്ദയുമായി ഇയാൾ മുന്നോട്ടു പോകുകയായിരുന്നു. എന്നാൽ പ്രത്യേക പോലീസ് സംഘം ഇയാളെ പിടികൂടിയതിനെതിരെ മധ്യപ്രദേശ് പോലീസ് രംഗത്തിറങ്ങി.തങ്ങളെ ഇരുട്ടിൽ നിർത്തിയാണ് ഛത്തീസ്ഗഢ് പോലീസ് അറസ്റ്റ് നടത്തിയെന്ന് മധ്യപ്രദേശ് പോലീസ് അറിയിച്ചു.
ഹരിദ്വാറിൽ വിദ്വേഷ പ്രസംഗം നടത്തിയ യതി നരസിംഹനന്ദ ഗിരിയുടെ അടുത്ത ധർമ സൻസദ് ഗാസിയാബാദിൽ നടത്തുമെന്നു അറിയിച്ചിട്ടും ജില്ലാഭരണകൂടം ഇതുവരെ അത് തടയാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. ഹരിദ്വാർ വിദ്വേഷ പ്രസംഗത്തിലൂടെ രാജ്യത്ത് അഭ്യന്തര യുദ്ധത്തിനാണ് നരസിംഹനന്ദ ഗിരി ആഹ്വാനം ചെയ്യുന്നതെന്ന് നസറുദ്ദീൻ ഷാ പറഞ്ഞു. വർഗീയ വികാരം ഇളക്കിവിട്ട് സമൂഹത്തെ തമ്മിലടിപ്പിക്കുന്ന വിഷയത്തിൽ നരസിംഹാനന്ദഗിരിക്കെതിരെ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.