India
നബിനിന്ദ; യുപിയിൽ 800 പ്രതിഷേധകർക്കെതിരെ രാജ്യസുരക്ഷാ നിയമപ്രകാരം കേസ്
India

നബിനിന്ദ; യുപിയിൽ 800 പ്രതിഷേധകർക്കെതിരെ രാജ്യസുരക്ഷാ നിയമപ്രകാരം കേസ്

Web Desk
|
6 Jun 2022 12:16 PM GMT

വിവാദ പ്രസ്താവനക്കെതിരെ ആദ്യം പ്രതിഷേധമുയർന്ന കാൺപൂരിൽ 1000 ത്തിലേറെ പേരടക്കം സംസ്ഥാനത്ത് നിരവധി പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്

ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താക്കൾ വിവാദ പരാമർശം നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച 800 ലേറെ പേർക്കെതിരെ രാജ്യസുരക്ഷാ നിയമപ്രകാരം കേസെടുത്ത് ഉത്തർപ്രദേശ് പൊലീസ്. മാധ്യമപ്രവർത്തകയായ റാണാ അയ്യൂബാണ് ട്വിറ്ററിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അറബ് ലോകത്ത് സാമ്പത്തിക ബഹിഷ്‌കരണമുയർന്നതോടെയാണ് വിവാദ പ്രസ്താവന നടത്തിയ വക്താക്കളെ ബിജെപി പുറത്താക്കിയതെന്നും അവർ കുറിച്ചു. ചാനൽ ചർച്ചയിൽ വിവാദ പരാമർശം നടത്തിയ പാർട്ടി വക്താവ് നുപുർ ശർമയെയും ട്വിറ്ററിൽ കുറിപ്പിട്ട ഡൽഹി ഘടകം മീഡിയ തലവൻ നവീൻ കുമാർ ജിൻഡലിനെയും ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ വാർത്തയുടെ സ്‌ക്രീൻ ഷോട്ട് സഹിതമായിരുന്നു വിമർശനം.


വിവാദ പ്രസ്താവനക്കെതിരെ ആദ്യം പ്രതിഷേധമുയർന്ന കാൺപൂരിൽ 1000 ത്തിലേറെ പേരടക്കം സംസ്ഥാനത്ത് നിരവധി പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കാൺപൂരിൽ പ്രതിഷേധിച്ചവരുടെ ഫോട്ടോയും പൊലീസ് സ്‌റ്റേഷൻ നമ്പറുമടക്കം ഹോർഡിങുകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് പൊലീസ്. സിസി ടിവി ദൃശ്യങ്ങൾ വഴി പ്രതിഷേധിച്ചവരെ കുടുക്കുകയാണ് പൊലീസ് ചെയ്യുന്നത്. 100ലേറെ പേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നുണ്ട്. ഇരുകൂട്ടർക്കിടയിൽ നടന്ന സംഘർഷത്തിൽ പൊലീസ് തിരിച്ചറിഞ്ഞ 55 പ്രതികളിൽ എല്ലാവരും മുസ്‌ലിംകളാണ്. 38പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവാദ പരാമർശം നടത്തിയ നുപുർ ശർമക്കെതിരെ ഭീഷണി മുഴക്കിയതിന് തിരിച്ചറിയപ്പെടാത്ത ആളുകൾക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്.

ബിജെപി നേതാക്കളുടെ പരാമർശത്തിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും രംഗത്ത് വന്നിട്ടുണ്ട്. ആന്തരികമായി വിഭജിക്കപ്പെട്ട ഇന്ത്യ ബാഹ്യമായി ദുർബലമാകുകയാണെന്നും ബിജെപിയുടെ നാണംകെട്ട മതാന്ധത നമ്മെ ഒറ്റപ്പെടുത്തുക മാത്രമല്ല, ആഗോളതലത്തിൽ ഇന്ത്യയുടെ നിലയ്ക്ക് കോട്ടം വരുത്തുകയും ചെയ്തിരിക്കുകയാണെന്നും രാഹുൽ വിമർശിച്ചു. ട്വിറ്ററിലായിരുന്നു രാഹുൽഗാന്ധിയുടെ പ്രതികരണം.


'വെറുപ്പ് വെറുപ്പിനെ മാത്രമേ വളർത്തൂ. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ മാത്രമേ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാൻ കഴിയൂ... ഇന്ത്യയെ ഒന്നിപ്പിക്കേണ്ട സമയമാണിത്. ഭാരത് ജോഡോ' ഹിന്ദിയിലെഴുതിയ മറ്റൊരു ട്വീറ്റിൽ രാഹുൽഗാന്ധി പറഞ്ഞു.


വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളും വിമർശനം ശക്തമാക്കിയിരിക്കുകയാണ്. ബിജെപിയുടെ നടപടി ആത്മാർത്ഥയുള്ളതാണെങ്കിൽ വിവാദ പ്രസ്താവന നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സമാജ്‌വാദി പാർട്ടിയും ആൾ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീനും ആവശ്യപ്പെട്ടു. ഏതെങ്കിലും മതത്തെയോ മതവിഭാഗത്തെയോ അവഹേളിക്കുന്നതിന് തങ്ങൾ എതിരാണെന്ന ബിജെപിയുടെ അവകാശവാദം വ്യാജമാണെന്നും ഇപ്പോഴുണ്ടായ പ്രതിസന്ധി മറികടക്കാനുള്ള തന്ത്രമാണെന്നും കോൺഗ്രസ് വിമർശിച്ചു. പുറംലോകത്ത് നിന്നുണ്ടായ സമ്മർദ്ദത്തെ തുടർന്നാണ് രണ്ട് പ്രധാന വക്താക്കളെ ബിജെപി പുറത്താക്കിയതെന്നും ബിജെപി തങ്ങളുടെ അസഖ്യം തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യാനാണോ ശ്രമിക്കുന്നതെന്നും അല്ലെങ്കിൽ ഓന്ത് കണക്കേ നിറം മാറുകയാണോയെന്നും കോൺഗ്രസ് കമ്യൂണിക്കേഷൻ തലവൻ രൺദീപ് സുർജേവാല ചോദിച്ചു.

ബിജെപിയുടെ ഒരു ചെറു പ്രസ്താവന അവർ കാലങ്ങളായി ഇന്ത്യൻ പാരമ്പര്യത്തിന് സൃഷ്ടിക്കുന്ന മുറിപ്പാടുകൾ ഉണക്കുമോയെന്നും ബിജെപി സർക്കാറിന്റെ അടിത്തറ തന്നെ മതാധിഷ്ടിത അതിക്രമവും വിഭജന രാഷ്ട്രീയവും വോട്ടിനായി വിദ്വേഷം പടർത്തലുമാണെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം, നുപുർ ശർമയെ ഓർത്ത് തനിക്ക് സഹതാപം തോന്നുന്നുവെന്നും ബിജെപി ദിനംപ്രതി പ്രചരിപ്പിക്കുന്ന വെറുപ്പിന്റെ പേരിൽ അവർ മാത്രം നടപടി നേരിട്ടിരിക്കുകയാണെന്നും എഎപി നേതാവ് സൗരഭ് ഭരദ്വാജ് പരിഹസിച്ചു. 'ഇത് അനീതിയാണ്. ഇരട്ട നീതിയാണ്' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ബിജെപി അവരുടെ ആഭ്യന്തര പ്രേക്ഷകരെ വെറുപ്പ് കൊണ്ട് സത്കരിക്കാൻ മധ്യേഷ്യയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതം അപകടത്തിലാക്കിയെന്നും ഇന്ത്യയുമായി മിഡിൽഈസ്റ്റ് രാജ്യങ്ങൾക്കുള്ള ദീർഘകാല ബന്ധത്തിന് പരിക്കേൽപ്പിച്ചെന്നും ഇന്ത്യൻ ബിസിനസുകൾ നശിപ്പിച്ചെന്നും ശിവസേന എംപി പ്രിയങ്ക ചതുർവേദി വിമർശിച്ചു.

അതേസമയം, തീവ്ര വാദികൾ ഇപ്പോൾ മുഖ്യധാരയായിരിക്കുകയാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷായടക്കം ഇവർക്ക് പിന്തുണ നൽകുകയാണെന്നും എഐഎംഐഎം തലവൻ അസദുദ്ദീൻ ഉവൈസി വിമർശിച്ചു. ബിജെപിയുടെ സസ്‌പെൻഷൻ നടപടി കപടമാണെന്നും സർക്കാർ പിന്തുണയോടെയാണ് ചോട്ടാ സവർക്കർമാർ ഒളിച്ചോടിയതെന്നും 20 കോടി ഇന്ത്യൻ മുസ്‌ലിംകളുടെ വികാരം വൃണപ്പെടുത്തിയിരിക്കുകയാണെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

'ബിജെപി ദേശീയ വക്താവ് തീവ്ര നിലപാടുകാരിയായിരിക്കുകയാണ് ( fringe element), ഈ പാർട്ടിയെ കുറിച്ചെന്താണ് പറയുന്നത്. ഈ തീവ്രനിലപാട് തന്നെയല്ലേ ദൗർഭാഗ്യവശാൽ കേന്ദ്രം ഭരിക്കുന്നത്. മോഡിയുണ്ടേൽ എന്തും സാധ്യമാണ്' ടിഎംസി നേതാവും മുൻകേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിൻഹ പറഞ്ഞു.

അതേസമയം, പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ ബിജെപി നേതാവ് നുപൂർ ശർമ മാപ്പ് പറഞ്ഞു. തന്റെ വാക്കുകൾ ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ നിരുപാധികമായി പിൻവലിക്കുന്നുവെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നും അവർ ട്വീറ്റ് ചെയ്തു. അപകീർത്തി പരാമർശത്തിന്റെ പേരിൽ നുപൂർ ശർമയെ ബിജെപി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പാർട്ടിയുടെ ഡൽഹി ഘടകം മീഡിയാ വിഭാഗം മേധാവി നവീൻ കുമാർ ജിൻഡാലിനെതിരെയും നടപടിയെടുത്തിരുന്നു. നുപൂർ ശർമയുടെ പ്രസ്താവനയിൽ ബിജെപി നേരത്തെ വിശദീകരണ കുറിപ്പിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ.



എല്ലാ മതങ്ങളെയും പാർട്ടി ബഹുമാനിക്കുന്നുണ്ടെന്നും ഏതു മതനേതാക്കൾക്കെതിരായ അവഹേളനങ്ങളെയും ശക്തമായി തള്ളിപ്പറയുന്നുവെന്നുമായിരുന്നു ബി.ജെ.പി വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കിയത്. നുപൂർ ശർമയുടെ വിവാദ പ്രസ്താവന അറബ് ലോകത്തടക്കം കോളിളക്കം സൃഷ്ടിച്ചതോടെയായിരുന്നു ബി.ജെ.പിയുടെ പ്രതികരണവും നടപടിയും.

ദിവസങ്ങൾക്കുമുൻപാണ് ദേശീയ മാധ്യമമായ 'ടൈംസ് നൗ'വിൽ ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നടന്ന ചർച്ചയിൽ നുപൂർ ശർമ വിവാദ പ്രസ്താവന നടത്തിയത്. ചർച്ചയ്ക്കിടെ പ്രവാചകൻ മുഹമ്മദ് നബിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും സംബന്ധിച്ചായിരുന്നു അപകീർത്തി പരാമർശം. സംഭവത്തിൽ നുപൂറിനെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. പരാമർശം മതവികാരം വ്രണപ്പെടുത്തുന്നതും മതസ്പർധയുണ്ടാക്കുന്നതുമാണെന്ന് ആരോപിച്ച് റസാ അക്കാദമി മുംബൈ ഘടകം ജോയിന്റ് സെക്രട്ടറി ഇർഫാൻ ശൈഖ് പൈദോനി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലായിരുന്നു നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295-എ(ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള നടപടി), 153-എ(വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നുപുർ ശർമയ്‌ക്കെതിരെ കേസെടുത്തത്.

സമൂഹമാധ്യമങ്ങളിൽ മുസ്ലിം സമുദായത്തിനെതിരേ വിദ്വേഷ പ്രചാരണം നടത്തിയതിനാണ് നവീൻ കുമാർ ജിൻഡാലിനെതിരെ നടപടിയെടുത്തിരിക്കുന്നതെന്നാണ് അറിയുന്നത്. ട്വിറ്ററിലായിരുന്നു ജിൻഡാലിന്റെ വിവാദ പരാമർശങ്ങൾ.

controversial remarks against Prophet; Case filed against 800 protesters in UP under National Security Act

Similar Posts