ഛത്തീസ്ഗഡിൽ കോൺഗ്രസ് സർക്കാരിന്‍റെ നിർദേശപ്രകാരമാണ് മതപരിവർത്തനം നടക്കുന്നത്: ആരോപണവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
|വരുന്ന തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി അധികാരത്തിൽ വന്നാൽ ഇത് തടയാൻ നിയമം കൊണ്ടുവരും
റായ്പൂര്‍: കോൺഗ്രസ് നേതൃത്വത്തിലുള്ള ഭൂപേഷ് ബാഗേൽ സർക്കാരിന്‍റെ നിർദേശപ്രകാരമാണ് ഛത്തീസ്ഗഡിൽ മതപരിവർത്തനം നടക്കുന്നതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്.വരുന്ന തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി അധികാരത്തിൽ വന്നാൽ ഇത് തടയാൻ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
'സനാതന'ത്തിനും 'ആദിവാസി'ക്കും അവരുടെ സ്വത്വം നഷ്ടപ്പെട്ടാൽ ജനാധിപത്യം അപകടത്തിലാകുമെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. ജഗ്ദൽപൂരിലെ ബസ്തർ ആസ്ഥാനത്ത് പ്രാദേശിക ടൗൺ ക്ലബ്ബിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെ, വിവിധ പദ്ധതികൾക്കായി കേന്ദ്രം നൽകിയ ഫണ്ട് കോൺഗ്രസ് സർക്കാർ തട്ടിയെടുക്കുകയാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.“ബാഗേൽ സർക്കാർ മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയാണ്, പ്രത്യേകിച്ച് ബസ്തർ മേഖലയിൽ. ഈ സർക്കാരിന്‍റെ കൗണ്ട്ഡൗൺ ആരംഭിച്ചു. മതപരിവർത്തനത്തിന്‍റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് (കോൺഗ്രസിന്) സർക്കാർ രൂപീകരിക്കാൻ കഴിയില്ല.'' രാജ്യത്ത് ഗൂഢാലോചന നടക്കുന്നുണ്ടെന്നും ബാഗേലും അതിന്‍റെ ഭാഗമാണെന്നും സിംഗ് ആരോപിച്ചു.സനാതനവും ആദിവാസികളും ഇല്ലാതെ ഇന്ത്യക്ക് സ്വത്വമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.