India
യു.പിയില്‍ ക്രിസ്തുമതത്തിലേക്ക് നിര്‍ബാധം മതംമാറ്റം; മതപരിവര്‍ത്തനം തടഞ്ഞില്ലെങ്കില്‍ ഭൂരിപക്ഷം ന്യൂനപക്ഷമാകും-അലഹബാദ് ഹൈക്കോടതി
India

യു.പിയില്‍ ക്രിസ്തുമതത്തിലേക്ക് നിര്‍ബാധം മതംമാറ്റം; മതപരിവര്‍ത്തനം തടഞ്ഞില്ലെങ്കില്‍ ഭൂരിപക്ഷം ന്യൂനപക്ഷമാകും-അലഹബാദ് ഹൈക്കോടതി

Web Desk
|
2 July 2024 5:55 AM GMT

ഭരണഘടനയുടെ 25-ാം വകുപ്പ് മതപരിവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യം നല്‍കുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: മതപരിവര്‍ത്തനങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി അലഹബാദ് ഹൈക്കോടതി. മതസമ്മേളനങ്ങളില്‍ നടക്കുന്ന മതപരിവര്‍ത്തനങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ രാജ്യത്തെ ഭൂരിപക്ഷ സമുദായം ഒരു ദിവസം ന്യൂനപക്ഷമായി മാറുമെന്ന് കോടതി നിരീക്ഷിച്ചു. യു.പിയില്‍ ക്രിസ്ത്യന്‍ നേതാക്കളുടെ നേതൃത്വത്തിലുള്ള മതപരിവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടരുകയാണെന്നും കോടതി സൂചിപ്പിച്ചു.

ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാള്‍ ആണു നിരീക്ഷണങ്ങള്‍ നടത്തിയത്. ഹിന്ദുക്കളെ ക്രിസ്ത്യന്‍ മതത്തിലേക്കു മതപരിവര്‍ത്തനം നടത്തിയതിന് അറസ്റ്റിലായ യുവാവിന്റെ ജാമ്യഹരജി പരിഗണിക്കുകയായിരുന്നു കോടതി. 2021ലെ യു.പി നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് കൈലാഷ് എന്ന യുവാവിനെതിരെ കേസെടുത്തിരുന്നത്. ഈ പരിപാടി തുടരാന്‍ അനുവദിച്ചാല്‍ രാജ്യത്തെ ഭൂരിപക്ഷ സമുദായം ഒരു ദിവസം ന്യൂനപക്ഷമായി മാറുമെന്ന് കോടതി നിരീക്ഷിച്ചു. മതപരിവര്‍ത്തനങ്ങള്‍ നടക്കുന്ന സഭകള്‍ അടിയന്തരമായി നിര്‍ത്തിക്കണമെന്നും യുവാവിന്റെ ജാമ്യാപേക്ഷ തള്ളി കോടതി ആവശ്യപ്പെട്ടു.

ഭരണഘടനയുടെ 25-ാം വകുപ്പ് മതപരിവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യം നല്‍കുന്നില്ലെന്ന നിരീക്ഷണവും ജസ്റ്റിസ് രോഹിത് നടത്തി. മനഃസാക്ഷിയുടെ സ്വാതന്ത്ര്യവും മതം സ്വീകരിക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വതന്ത്ര്യവുമാണു നല്‍കുന്നത്. പ്രചാരണം എന്ന വാക്കുകൊണ്ട് ഒരാളെ ഒരു മതത്തില്‍നിന്നു മറ്റൊരു മതത്തിലേക്കു മാറ്റുക എന്ന അര്‍ഥമില്ലെന്നും ജസ്റ്റിസ് രോഹന്‍ നിരീക്ഷിച്ചു.

യു.പി ഗ്രാമങ്ങളില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള മതപരിവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടരുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെയും സാമ്പത്തികമായി പിന്നാക്കം നല്‍കുന്നവരെയും നിയമവിരുദ്ധമായി മതംമാറ്റുകയാണെന്നാണു കോടതി പറയുന്നത്.

മാനസിക വൈകല്യമുള്ള തന്റെ സഹോദരനെ ചികിത്സിക്കാനെന്നു പറഞ്ഞാണ് കൈലാഷ് കൂട്ടിക്കൊണ്ടുപോയതെന്നാണ് ഒരു പരാതിക്കാരന്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍, മടങ്ങിയെത്തിയപ്പോള്‍ സഹോദരന്‍ ക്രിസ്തുമതം സ്വീകരിച്ചിരുന്നു. സമാനമായി ഗ്രാമത്തിലെ നിരവധി പേരെ ഇദ്ദേഹം ക്രിസ്തുമതത്തിലേക്കു മാറ്റിയിട്ടുണ്ടെന്നാണ് കേസില്‍ ആരോപിക്കുന്നത്. എന്നാല്‍, പരാതിക്കാരന്റെ സഹോദരനെ കൈലാഷ് മതംമാറ്റിയിട്ടില്ലെന്ന് ഇദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഒരു ക്രിസ്ത്യന്‍ മതചടങ്ങില്‍ മറ്റു പലര്‍ക്കുമൊപ്പം സംബന്ധിക്കുക മാത്രമാണു ചെയ്തത്. പരിപാടി സംഘടിപ്പിച്ച വൈദികനായ സോനുവിന് നേരത്തെ കോടതി ജാമ്യം നല്‍കിയിട്ടുണ്ടെന്ന കാര്യവും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, കൈലാഷിനെതിരായ ആരോപണങ്ങള്‍ അതിഗുരുതരമാണെന്നാണ് കോടതി പറഞ്ഞത്. ആളുകളെ ഡല്‍ഹിയില്‍ നടക്കുന്ന ഒരു പരിപാടിയിലേക്ക് കൊണ്ടുപോകുകയും ഇവിടെവച്ചു മതംമാറ്റുകയുമാണ് ഇദ്ദേഹം ചെയ്യുന്നതെന്ന് ദൃക്‌സാക്ഷികള്‍ മൊഴിനല്‍കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Summary: 'Conversions to Christianity are occurring in UP at a rampant pace; If conversion is not stopped the majority will become the minority one day'; Allahabad High Court expresses grave concerns

Similar Posts