കൂനൂരിലെ ഹെലികോപ്റ്റർ അപകടം; 14 യാത്രികരിൽ 13 പേരും മരിച്ചു
|സൈനിക ഹെലികോപ്റ്ററിലെ ഗണ്ണറായി മലയാളി ജൂനിയർ വാറന്റ് ഓഫിസർ പ്രദീപ് യാത്രസംഘത്തിലുണ്ടായിരുന്നു
തമിഴ്നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരിൽ സംയുക്ത സേന മേധാവി ബിപിൻ റാവത്തടക്കം ഉന്നത ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ 14 യാത്രികരിൽ 13 പേരും മരിച്ചതായി ജില്ല ഭരണകൂടം അറിയിച്ചു. കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്തുകയാണ്. രക്ഷപ്പെട്ട ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, മകൻ എൽഎസ് ലിഡർ, ബ്രിഗേഡിയർ എൽ.എസ്.ലിദർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, നായിക് ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, സായ് തേജ, ഹവിൽദാർ സത്പാൽ എന്നിവരടക്കം ഹെലികോപ്റ്ററിൽ 14 യാത്രികരാണുണ്ടായിരുന്നത്. സൈനിക ഹെലികോപ്റ്ററിലെ ഗണ്ണറായി മലയാളി ജൂനിയർ വാറന്റ് ഓഫിസർ പ്രദീപ് യാത്രസംഘത്തിലുണ്ടായിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബിപിൻ റാവത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വ്യക്തതയില്ല. ഇതടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തി നാളെയാണ് കേന്ദ്രസർക്കാർ ഔദ്യോഗിക പ്രസ്താവന നടത്തുക.
ഐ.എ.എഫ് Mi-17V5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഡൽഹിയിൽ നിന്ന് സുലൂരിലേക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നത്. സൈനിക ക്യാമ്പിൽ പങ്കെടുക്കാനായിരുന്നു യാത്ര. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ബിപിൻ റാവത്തും സംഘവും ഡൽഹിയിൽ നിന്ന് പുറപ്പെട്ടത് രാവിലെ ഒമ്പത് മണിക്കാണ്. 11.35 ന് സുലൂരിലെത്തി. 11.45 ന് വെല്ലിങ്ടണിലേക്ക് പറന്നുതുടങ്ങി. 12.20 നാണ് അപകടമുണ്ടായത്. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടം ചർച്ച ചെയ്യാൻ അടിയന്തര മന്ത്രിസഭായോഗം ചേരുന്നുമുണ്ട്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അപകടം സംബന്ധിച്ച കാര്യങ്ങൾ പാർലമെൻറിൽ നാളെ വിശദീകരിക്കും. രാജ്‌നാഥ് സിങ് ബിപിൻ റാവത്തിന്റെ ഔദ്യോഗിക വസതിയിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ച് മടങ്ങി. അപകടം സംബന്ധിച്ച വിവരങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തരയോഗം വിളിച്ചു. ഇന്ന് വൈകീട്ട് 6.30 നാണ് യോഗം നടക്കുക.