കൂനൂർ ഹെലികോപ്റ്റർ അപകടം ; ഔദ്യോഗിക പ്രസ്താവന നാളെ
|വ്യോമസേനാ തലവൻ വിവേക് ചൗധരി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എന്നിവർ സംഭവസ്ഥലത്തേക്ക് തിരിച്ചു.
തമിഴ്നാട്ടിലെ ഊട്ടിക്കടുത്ത കൂനൂരിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പതിനൊന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. ഗുരുതര പരിക്കേറ്റവരെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവന നാളെ പാർലമെന്റിലുണ്ടാകും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് പാലമെന്റിൽ പ്രസ്താവന നടത്തുക.
ഇന്ന് ഉച്ചക്ക് 12 .20 ഓടെ ഊട്ടിയിലെ കൂനൂരിലെ കട്ടേരി പാർക്കിലായിരുന്നു അപകടം. ബിപിൻ റാവത്തും ഭാര്യയും അടക്കം 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. സുലൂർ വ്യോമകേന്ദ്രത്തിൽ നിന്ന് വെല്ലിങ്ടൺ കന്റോൺമെന്റിലെ ഡിഫൻസ് സർവീസസ് കോളജിലേക്ക് പോവുകയായിരുന്നു സംഘം.
ബിപിൻ റാവത്തിനെ കൂടാതെ പത്നി മധുലിക റാവത്ത്, ബ്രിഗേഡിയർ ലിദ്ദർ, ലഫ്റ്റനന്റ് കേണൽ ഹർജിന്ദർ സിങ്, നായിക് ഗുരുസേവക് സിങ്, നായിക് ജിതേന്ദ്ര കുമാർ, ലാൻസ്നായിക് വിവേക് കുമാർ, ലാൻസ്നായിക് ബി. സായി തേജ, ഹവിൽദാർ സത്പാൽ തുടങ്ങിയവരാണ് അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
വ്യോമസേനാ തലവൻ വിവേക് ചൗധരി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എന്നിവർ സംഭവസ്ഥലത്തേക്ക് തിരിച്ചു.
Summary : Coonoor helicopter crash; Official statement tomorrow