India
ഓടിച്ചെന്നപ്പോള്‍ രണ്ടു പേരെ പൊള്ളലേറ്റ് തിരിച്ചറിയാന്‍ പറ്റാത്ത നിലയില്‍ കണ്ടു, ഒരാള്‍ വെള്ളം ചോദിച്ചു: ദൃക്സാക്ഷികള്‍
India

ഓടിച്ചെന്നപ്പോള്‍ രണ്ടു പേരെ പൊള്ളലേറ്റ് തിരിച്ചറിയാന്‍ പറ്റാത്ത നിലയില്‍ കണ്ടു, ഒരാള്‍ വെള്ളം ചോദിച്ചു: ദൃക്സാക്ഷികള്‍

Web Desk
|
9 Dec 2021 6:43 AM GMT

'ഹെലികോപ്റ്ററിന് പുറത്ത് പരിക്കേറ്റ രണ്ട് പേർ കിടക്കുന്നത് ഞാൻ കണ്ടു. അവർ ഹെലികോപ്റ്റര്‍ തകരാന്‍ പോവുകയാണെന്ന് തിരിച്ചറിഞ്ഞ് ചാടിയതാണെന്ന് തോന്നുന്നു'

സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തിന്‍റെ ഞെട്ടലിലാണ് രാജ്യം. അപകടത്തിന്‍റെ കാരണം എന്താണെന്ന് ഇപ്പോള്‍ വ്യക്തമല്ല. ഇടിമുഴക്കം പോലെ ശബ്ദം കേട്ടെന്നും കനത്ത പുക കണ്ടെന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

"ശബ്ദം കേട്ടാണ് ഞാൻ ഓടിച്ചെന്നത്. മരക്കൊമ്പുകളിൽ തട്ടി ഹെലികോപ്റ്റർ തീപിടിച്ച് താഴേക്ക് വീഴുന്നതു കണ്ടു. ആരുടെയൊക്കെയോ നിലവിളി ശബ്ദം കേട്ടു"- വണ്ടിച്ചോല പഞ്ചായത്തിലെ നഞ്ചപ്പച്ചത്തിരം സ്വദേശിയായ പി ചന്ദ്രകുമാർ പറഞ്ഞു.

താന്‍ ഉടനെ അയല്‍വാസിയായ ശിവകുമാറിനെ വിളിച്ച് പോലീസിൽ വിവരമറിയിച്ചെന്നും ചന്ദ്രകുമാര്‍ പറഞ്ഞു. അപ്പോഴേക്കും സമീപത്തെ പത്തോളം പേര്‍ അപകട സ്ഥലത്തെത്തിയിരുന്നു.

"പുക കാരണം എനിക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല. ഇത് അപകടം നടന്ന സ്ഥലത്തെത്താന്‍ ബുദ്ധിമുട്ടുണ്ടാക്കി. ഹെലികോപ്റ്ററിന് പുറത്ത് പരിക്കേറ്റ രണ്ട് പേർ കിടക്കുന്നത് ഞാൻ കണ്ടു. അവർ ഹെലികോപ്റ്റര്‍ തകരാന്‍ പോവുകയാണെന്ന് തിരിച്ചറിഞ്ഞ് ചാടിയതാണെന്ന് തോന്നുന്നു. അവര്‍ ധരിച്ചിരുന്ന വസ്ത്രം കത്തിപ്പോയിരുന്നു. മുഖം തിരിച്ചറിയാന്‍ കഴിഞ്ഞില്ല"- ശിവകുമാര്‍ പറഞ്ഞു.

പരിക്കേറ്റ രണ്ടു പേരിൽ ഒരാള്‍ തന്നോട് വെള്ളം ആവശ്യപ്പെട്ടെന്നും ശിവകുമാര്‍ പറഞ്ഞു. സേനയിലെ ഉന്നത ഉദ്യോഗസ്ഥരാണ് അവരെന്ന് പിന്നീട് വാര്‍ത്ത കണ്ടപ്പോഴാണ് മനസ്സിലായത്. വാഹനത്തിന് കയറി വരാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ പരിക്കേറ്റ ഇരുവരെയും പുതപ്പിച്ചാണ് റോഡിലേക്ക് ചുമന്നുകൊണ്ടുപോയതെന്നും ശിവകുമാര്‍ പറഞ്ഞു. അപ്പോഴേക്കും അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി.

മരക്കൊമ്പുകൾ ഒടിഞ്ഞുവീഴുന്നതിന്‍റെയും ഒരാൾ സഹായത്തിനായി നിലവിളിക്കുന്നതിന്‍റെയും ശബ്ദം കേട്ടെന്ന് ദാസ് എന്ന പ്രദേശവാസി പറഞ്ഞു. തന്‍റെ വീട്ടിൽ നിന്ന് 2 മീറ്റർ മാത്രം അകലെയാണ് ഹെലികോപ്റ്റർ തകർന്നുവീണതെന്ന് ശങ്കര്‍ എന്ന സമീപവാസി പറഞ്ഞു. ഭാഗ്യവശാൽ താനും കുട്ടികളും അപ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ സ്ഥലത്തിനു സമീപമുള്ള മൂന്ന് വീടുകളിലും താമസക്കാരില്ലായിരുന്നുവെന്ന് ശങ്കര്‍ പറഞ്ഞു.

Similar Posts