'നിലക്കടല ഫ്രീ ആയി തരണം'; കടക്കാരനോട് തട്ടിക്കയറിയ എസ്ഐക്ക് സസ്പെൻഷൻ
|ശ്രീരംഗം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രാധാകൃഷ്ണനെയാണ് സസ്പെൻഡ് ചെയ്തത്
തിരുച്ചിറപ്പള്ളി: നിലക്കടലയ്ക്ക് പണം ആവശ്യപ്പെട്ട കടക്കാരനോട് കയർത്തതിന് പൊലീസുകാരന് സസ്പെൻഷൻ. ശ്രീരംഗം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രാധാകൃഷ്ണനെയാണ് സസ്പെൻഡ് ചെയ്തത്. കടക്കാരനോട് രാധാകൃഷ്ണൻ തട്ടിക്കയറുന്നതിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് സസ്പെൻഷൻ.
ജൂൺ 1നാണ് സംഭവം നടക്കുന്നത്. തിരുച്ചിറപ്പള്ളിയിലുള്ള വഴിയോരക്കച്ചവടക്കാരനോട് രാധാകൃഷ്ണൻ നിലക്കടല വാങ്ങിയിരുന്നു. പൈസ ചോദിച്ചപ്പോൾ താൻ പൊലീസുകാരനാണെന്ന് ചൂണ്ടിക്കാട്ടി പൈസ കൊടുക്കാതെ സ്ഥലം വിട്ടു. തുടർന്ന് കടക്കാരൻ തിരുച്ചിറപ്പള്ളി പൊലീസ് സൂപ്രണ്ടിന് പരാതി നൽകി. ഈ സമയം കൊണ്ട് സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. താൻ ശ്രീരംഗം പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നും ഇങ്ങനെ പോയാൽ കച്ചവടം ബുദ്ധിമുട്ടാകുമെന്നും രാധാകൃഷ്ണൻ കടക്കാരനെ ഭീഷണിപ്പെടുത്തുന്നത് വീഡിയോയിൽ കാണാം.
രാജൻ എന്നയാളാണ് കട നടത്തുന്നത്. സംഭവം നടക്കുന്ന സമയം ഇദ്ദേഹത്തിന്റെ മകൻ സാം ആയിരുന്നു കടയിൽ. സാം പറഞ്ഞതനുസരിച്ചാണ് പൊലീസിൽ രാജൻ പരാതി നൽകുന്നത്. മകനെ രാധാകൃഷ്ണൻ ഭീഷണിപ്പെടുത്തിയതും ചൂണ്ടിക്കാട്ടിയാണ് രാജന്റെ പരാതി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് തിരുച്ചിറപ്പള്ളി പൊലീസ് അറിയിച്ചിട്ടുണ്ട്.