നബാ കിഷോർദാസ് ; വിവാദങ്ങളുടെ തോഴനെങ്കിലും സാധാരണക്കാരുമായി അടുത്ത ബന്ധം സൂക്ഷിച്ച നേതാവ്
|കോൺഗ്രസിൽ നിന്നും ബിജു ജനതാദളിൽ ചേർന്നപ്പോൾ നിയമസഭയിലെ ഭൂരിപക്ഷം ഇരട്ടിയാക്കി
ഡല്ഹി: വിവാദങ്ങളുടെ ഒപ്പം നടക്കുമ്പോഴും താഴെ തട്ടിലെ ജനങ്ങളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ച നേതാവ് കൂടിയാണ് ഒഡിഷയിൽ വെടിയേറ്റു മരിച്ച നബാ കിഷോർദാസ് . കോൺഗ്രസിൽ നിന്നും ബിജു ജനതാദളിൽ ചേർന്നപ്പോൾ നിയമസഭയിലെ ഭൂരിപക്ഷം ഇരട്ടിയാക്കി. ജാർസുഗദ ജില്ലയിലെ അവസാന വാക്ക് എന്ന് വിശേഷിപ്പിക്കാവുന്ന നേതാവാണ് പൊലിഞ്ഞത്.
ഒഡീഷയിലെ മന്ത്രിമാരിൽ ഏറ്റവും വലിയ സമ്പന്നൻ , 80 കാറുകളുടെ ഉടമ , കൈവച്ച മേഖലയിലെല്ലാം വിജയം നേടിയ വ്യക്തി...എന്നിങ്ങനെയൊക്കെയാണ് നബാ ദാസ്. 2004 നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ അങ്ങനെയങ്ങു തോറ്റുകൊടുക്കാൻ മനസുണ്ടായില്ല . ആ മണ്ഡലത്തിൽ തന്നെ അഞ്ചു വര്ഷം നിലയുറപ്പിച്ചു തോറ്റിട്ടും കൂടെ നിന്ന ആ മനുഷ്യനെ ജർസുഗതക്കാർ കൈവിട്ടില്ല.2009 നിയമസഭാ തെരഞ്ഞെടുപ്പിൽ 22,516വോട്ടിനു ഭൂരിപക്ഷത്തിൽ നിയമസഭയിലേക്ക് അയച്ചു . 2014 ലും നബാ ദാസിലൂടെ കോൺഗ്രസ് വിജയം കൈപ്പത്തിക്കുളിലാക്കി. ജാർസുഗദ മേഖലയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.ഡിയെ കടത്തി വെട്ടി ബി.ജെ.പി മുന്നേറിയപ്പോൾ കോൺഗ്രസിന്റെ ശക്തനായ നേതാവായ നബാദാസിനെ മുഖ്യമന്ത്രി നവീൻ പട്നായിക് തന്റെ പാർട്ടിയിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ചപ്പോൾ ഇരുകൂട്ടർക്കും ഗുണമായി.
2019 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ നബാദാസിന്റെ ഭൂരിപക്ഷം 45699 ആയി ,ബിജെപി കിഴക്കൻ ഒഡീഷയിൽ തകർന്നു . തോക്കുകൾ സൂക്ഷിക്കുന്നതും 2015 നിയമസഭയിലിരുന്നു നീലച്ചിത്രം കണ്ടതിനു സസ് പെൻഷൻ നേരിട്ടതുമൊക്കെ വിവാദചുഴിക്കു കേന്ദ്രമായി. ജനങ്ങൾക്കിടയിൽ ശക്തമായ ബന്ധത്തിലൂടെ , വിവാദങ്ങൾക്ക് മേലെ വിജയത്തിന്റെ പരവതാനി വിരിക്കാൻ കഴിഞ്ഞു എന്നതാണ് നേട്ടം.