India
പൊലീസ് സദാചാര പൊലീസാകരുത്: സുപ്രിംകോടതി
India

പൊലീസ് സദാചാര പൊലീസാകരുത്: സുപ്രിംകോടതി

Web Desk
|
19 Dec 2022 6:12 AM GMT

ഗുജറാത്തിൽ സദാചാര പൊലീസിങിന്‍റെ പേരിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടത് സംബന്ധിച്ചാണ് കോടതി ഉത്തരവ്

പൊലീസ് സദാചാര പൊലീസ് ആകരുതെന്ന് സുപ്രിംകോടതി. വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്ത് ആവശ്യങ്ങൾ മുന്നോട്ട് വെക്കുന്നത് തെറ്റാണ്. ഗുജറാത്തിൽ സദാചാര പൊലീസിങിന്‍റെ പേരിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടത് സംബന്ധിച്ചാണ് കോടതി ഉത്തരവ്. ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജെ.കെ മഹേശ്വരിയും അടങ്ങുന്ന ബെഞ്ചിന്‍റേതാണ് വിധി.

2001 ഒക്ടോബർ 26ന് നടന്ന സംഭവത്തിലാണ് കോടതി വിധി. സി.ഐ.എസ്.എഫ് കോൺസ്റ്റബിളായിരുന്ന സന്തോഷ് കുമാർ പാണ്ഡെ നൈറ്റ് ഡ്യൂട്ടിക്കിടെ മഹേഷ് ബി ചൗധരിയെന്ന യുവാവിനെയും പ്രതിശ്രുത വധുവിനെയും തടഞ്ഞുനിര്‍ത്തി. ഗുജറാത്തിലെ വഡോദരയിലെ ഐപിസിഎൽ ടൗൺഷിപ്പിലെ ഗ്രീൻബെൽറ്റ് ഏരിയയിലാണ് സംഭവം നടന്നത്. മഹേഷും യുവതിയും ബൈക്കില്‍ പോകവേയാണ് പാണ്ഡെ തടഞ്ഞുനിര്‍ത്തിയത്. പാണ്ഡെ യുവതിക്കൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. എതിർത്തതോടെ പാണ്ഡെ തന്നോട് എന്തെങ്കിലും തരാൻ ആവശ്യപ്പെട്ടെന്നും താൻ ധരിച്ചിരുന്ന വാച്ച് നൽകിയെന്നും മഹേഷ് പരാതിയില്‍ വ്യക്തമാക്കി. മഹേഷ് നൽകിയ പരാതിയിൽ പാണ്ഡെയ്‌ക്കെതിരെ അന്വേഷണം നടത്തി പിരിച്ചുവിടാന്‍ തീരുമാനമായി.

പിന്നാലെ സന്തോഷ് കുമാർ പാണ്ഡെ നല്‍കിയ ഹരജി പരിഗണിച്ച ഗുജറാത്ത് ഹൈക്കോടതി, 2014 ഡിസംബർ 16ന് പാണ്ഡെയെ ജോലിയില്‍ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടു. ഈ ഉത്തരവ് റദ്ദാക്കിയാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. ശിക്ഷയുടെ ആനുപാതികതയെക്കുറിച്ചുള്ള ചോദ്യത്തിൽ ഈ കേസിലെ വസ്തുതകൾ ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. സന്തോഷ് കുമാർ പാണ്ഡെ പൊലീസ് ഉദ്യോഗസ്ഥനല്ല. പൊലീസ് ഉദ്യോഗസ്ഥനാണെങ്കിലും സദാചാര പൊലീസിങ് നടത്തരുത്. ശാരീരികമോ ഭൌതികമോ ആയ ആവശ്യങ്ങള്‍ ഉന്നയിക്കരുതെന്നും കോടതി വ്യക്തമാക്കി.

Summary- The Supreme Court has said police officers are not required to do moral policing and ask for physical favour or material goods as it upheld the order of the disciplinary authority for the removal of a CISF constable from service.

Similar Posts