India
യുപി സര്‍ക്കാരിന്‍റെ ഹാപ്പിനസ് പാഠ്യപദ്ധതിയെ പരിഹസിച്ച് കേജ്‍രിവാള്‍
India

യുപി സര്‍ക്കാരിന്‍റെ 'ഹാപ്പിനസ് പാഠ്യപദ്ധതിയെ' പരിഹസിച്ച് കേജ്‍രിവാള്‍

Web Desk
|
20 Dec 2021 6:36 AM GMT

യോഗി സര്‍ക്കാര്‍ യുപിയിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളില്‍ ഹാപ്പിനസ് കരിക്കുലം ആരംഭിക്കാന്‍ പോകുന്നുവെന്ന പത്രവാര്‍ത്ത പങ്കുവച്ചുകൊണ്ടായിരുന്നു കേജ്‍രിവാളിന്‍റെ പരിഹാസം

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ നടപ്പാക്കാനൊരുങ്ങുന്ന 'ഹാപ്പിനസ് പാഠ്യപദ്ധതി'യില്‍ യുപി സര്‍ക്കാരിനെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. ആം ആദ്മി പാര്‍ട്ടിയെ കോപ്പിയടിക്കുകയാണോ എന്നാണ് കേജ്‍രിവാള്‍ ചോദിച്ചത്.

യോഗി സര്‍ക്കാര്‍ യുപിയിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളില്‍ ഹാപ്പിനസ് കരിക്കുലം ആരംഭിക്കാന്‍ പോകുന്നുവെന്ന പത്രവാര്‍ത്ത പങ്കുവച്ചുകൊണ്ടായിരുന്നു കേജ്‍രിവാളിന്‍റെ പരിഹാസം. എന്ത്? യോഗിജിയും ബി.ജെ.പിയും എ.എ.പിയെ പകർത്തുകയാണോ? കേജ്‍രിവാള്‍ ചോദിച്ചു. 2018ല്‍ എഎപി സര്‍ക്കാര്‍ ഡല്‍ഹിയിലെ സ്കൂളുകളില്‍ നടപ്പാക്കിയ പദ്ധതിയാണ് സന്തോഷം പാഠ്യപദ്ധതി. വിദ്യാർഥികളെ പ്രകൃതിയോടും സമൂഹത്തോടും രാജ്യത്തോടും കൂടുതൽ സംവേദനക്ഷമതയുള്ളവരാക്കുന്ന പൈലറ്റ് പ്രോജക്ടിന് കീഴിൽ സ്‌കൂളുകളിൽ 'ഹാപ്പിനസ് കരിക്കുലം' നടപ്പാക്കാൻ ഉത്തർപ്രദേശ് സർക്കാർ പദ്ധതിയിടുന്നതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തിരുന്നു.

ഉത്തർപ്രദേശിന്‍റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ സാഹചര്യങ്ങൾ കണക്കിലെടുത്താണ് പദ്ധതി രൂപപ്പെടുത്തുന്നതെന്ന് സംസ്ഥാന ഇൻചാർജ് (ഹാപ്പിനസ് കരിക്കുലം) സൗരഭ് മാളവ്യയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് പാഠ്യപദ്ധതി പരിചയപ്പെടുത്തുമെന്നും തങ്ങളുമായും കുടുംബവുമായും സമൂഹവുമായും പ്രകൃതിയുമായും രാജ്യവുമായും ബന്ധം പുലര്‍ത്താന്‍ അവരെ പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു. പരസ്പര ബന്ധങ്ങൾ മനസിലാക്കാനും ഇത് സഹായിക്കും, കുട്ടികളെ ധ്യാനം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൈലറ്റ് പദ്ധതിയുടെ ഭാഗമായി 15 ജില്ലകളിലെ 150 സ്കൂളുകളോട് പാഠ്യപദ്ധതിയിൽ പങ്കാളിയാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്കൂള്‍ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡല്‍ഹിയില്‍ സന്തോഷം പാഠ്യപദ്ധതി നടപ്പിലാക്കിയത്. ഈ സംരംഭത്തിന്‍റെ ഭാഗമായി, ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി എല്ലാ സ്‌കൂൾ ദിവസവും ആദ്യത്തെ 45 മിനിറ്റിലും നഴ്‌സറി, കിന്‍റര്‍ ഗാർട്ടൻ വിദ്യാർഥികൾക്കായി ആഴ്ചയിൽ രണ്ടുതവണയും സന്തോഷ ക്ലാസുകൾ നടത്തുന്നു. കഥ പറച്ചില്‍, അധ്യാപകരും വിദ്യാര്‍ഥികളുമായി സംവാദം എന്നിവയും ഈ ക്ലാസിലുണ്ടാകും. ഈ വർഷമാദ്യം, ഡൽഹി സർക്കാർ പദ്ധതിയുടെ മൂന്നാം വാര്‍ഷികം ആഘോഷിക്കുകയും അതു കൊണ്ടുവന്ന മാറ്റത്തെ ഉപമുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

"Copying?": Arvind Kejriwal's Dig At Yogi Adityanath Over New School Plan

Similar Posts