ഒഡീഷ ട്രെയിന്‍ ദുരന്തം; മൂന്ന് ട്രെയിനുകള്‍ അപകടത്തിലേക്ക് കുതിച്ചത് ഇങ്ങനെ...
|പരിക്കേറ്റവരെ ബാലസോറിലെ ആശുപത്രികളിലും കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
ഭുവനേശ്വര്‍: ഒറ്റരാത്രി കൊണ്ടാണ് ഒഡീഷയിലെ ബഹാനഗര്‍ ദുരന്തഭൂമിയായി മാറിയത്. 223 പേരാണ് ഇതുവരെ മരിച്ചത്. 900ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരേ സമയത്ത് മൂന്ന് ട്രെയിനുകളാണ് അപകടത്തിൽ പെട്ടത്.ഷാലിമാർ- ചെന്നൈ കോറമാണ്ഡൽ എക്‍സ്പ്രസ്, യശ്വന്ത്പുർ- ഹൗറ എക്‍സ്പ്രസ് എന്നീ പാസഞ്ചർ ട്രെയിനുകൾക്കൊപ്പം ഒരു ചരക്ക് ട്രെയിനും അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റവരെ ബാലസോറിലെ ആശുപത്രികളിലും കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
പാളം തെറ്റിയ കോച്ചുകളിൽ കൂടുതൽ മൃതദേഹങ്ങൾ ഇല്ലെങ്കിലും ട്രെയിനിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം രാത്രി മുഴുവൻ തുടരുമെന്ന് ഒഡീഷ ഡയറക്ടർ ജനറൽ ഓഫ് ഫയർ സർവീസസ് സുധാൻഷു സാരംഗിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.200 ആംബുലൻസുകൾ, 50 ബസുകൾ, 45 മൊബൈൽ ഹെൽത്ത് യൂണിറ്റുകൾ, രക്ഷാപ്രവർത്തനങ്ങൾക്കായി 1,200 പേരടങ്ങുന്ന സംഘവും അപകടസ്ഥലത്തുണ്ട്.
അപകടം നടന്നത് എപ്പോള്‍? എങ്ങനെ?
ഷാലിമാർ-ചെന്നൈ കോറോമാണ്ടൽ എക്‌സ്‌പ്രസ് ഉച്ചകഴിഞ്ഞ് 3.20ന് ഷാലിമാർ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് 6.30നാണ് ബാലസോറിലെത്തിയത്. രാത്രി 7.20 ഓടെ കോറമാണ്ഡൽ എക്‍സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.തുടർന്ന് കോറമാണ്ഡൽ എക്‍സ്പ്രസിന്‍റെ 12 ബോഗികൾ പാളം തെറ്റുകയും ബോഗികളിലേക്ക് യശ്വന്ത്പുർ- ഹൗറ എക്‍സ്പ്രസ് ഇടിച്ചുകയറുകയും ചെയ്തു.ഇടിയുടെ ആഘാതത്തിൽ യശ്വന്ത്പുർ- ഹൗറ എക്‍പ്രസിന്‍റെ നാല് ബോഗികളും പാളം തെറ്റി. ഇടിയുടെ ആഘാതത്തില്‍ തൊട്ടടുത്തുണ്ടായിരുന്ന ചരക്കുവണ്ടിയിലേക്കും കോച്ചുകള്‍ മറിഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിലാണ് മൂന്ന് അപകടങ്ങളും ഉണ്ടായത്. ഡൗൺ ലൈനിലുണ്ടായിരുന്ന ഹൗറ സൂപ്പർഫാസ്റ്റ് വൈകിട്ട് 6.55നും അപ് ലൈനിലെ കോറോമാണ്ടൽ രാത്രി ഏഴിനുമാണ് പാളം തെറ്റിയതെന്ന് അധികൃതർ പറഞ്ഞു. ഗുഡ്സ് ട്രെയിൻ ഇടിക്കുമ്പോൾ ട്രാക്കിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.
ട്രെയിനുകളുടെ റൂട്ട് ഇങ്ങനെ
ഷാലിമാർ സ്റ്റേഷനിൽ നിന്ന് ചെന്നൈ സെൻട്രൽ സ്റ്റേഷനിലേക്ക് വരികയായിരുന്ന കോറോമാണ്ടൽ എക്‌സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ബെംഗളൂരുവിൽ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്നു സൂപ്പർ ഫാസ്റ്റ് ട്രെയിൻ. ഗുഡ്‌സ് ട്രെയിനിന്‍റെ റൂട്ട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
As a passenger on the Coromandel Express from Howrah to Chennai, I am extremely thankful to have escaped unscathed. It probably is the biggest train accident related incident. Thread of how the incident unfolded 1/n
— Anubhav Das (@anubhav2das) June 2, 2023