'രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു'; മൻമോഹൻ സിങ്ങിനെ പ്രശംസിച്ച് ഗഡ്കരി
|1991ൽ മൻമോഹൻ സിങ് ധനമന്ത്രിയായിരിക്കെ ആരംഭിച്ച ഉദാര സാമ്പത്തിക നയങ്ങൾ രാജ്യത്തിന് പുതിയ ദിശാബോധം നൽകിയെന്നും ഗഡ്കരി പറഞ്ഞു.
ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിങ്ങിന്റെ സാമ്പത്തിക നയങ്ങളെ പുകഴ്ത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ടാക്‌സ് ഇന്ത്യ ഓൺലൈൻ (ടി.ഐ.ഒ.എൽ) അവാർഡ് വിതരണ ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പരാമർശം. 1991ൽ മൻമോഹൻ സിങ് ധനമന്ത്രിയായിരിക്കെ ആരംഭിച്ച ഉദാര സാമ്പത്തിക നയങ്ങൾ രാജ്യത്തിന് പുതിയ ദിശാബോധം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
'ദരിദ്രർക്ക് കൂടി ഗുണം ലഭിക്കണമെന്ന ഉദ്ദേശത്തോടെ ഇന്ത്യക്ക് ഉദാര സാമ്പത്തിക നയം ആവശ്യമാണ്. 1991ൽ മൻമോഹൻ സിങ് ധനമന്ത്രിയായിരിക്കെ തുടക്കമിട്ട സാമ്പത്തിക പരിഷ്‌കാരങ്ങൾ ഉദാര സമ്പദ്‌വ്യവസ്ഥയിലേക്ക് നയിച്ചു. ഇത് ഇന്ത്യക്ക് പുതിയ ദിശാബോധം നൽകി. ഇക്കാര്യത്തിൽ രാജ്യം മൻമോഹൻ സിങ്ങിനോട് കടപ്പെട്ടിരിക്കുന്നു'-ഗഡ്കരി പറഞ്ഞു.
മൻമോഹന്റെ സാമ്പത്തിക പരിഷ്‌കാരങ്ങൾ മൂലം 1990 കളുടെ മധ്യത്തിൽ താൻ മഹാരാഷ്ട്രയിൽ മന്ത്രിയായിരുന്നപ്പോൾ റോഡുകൾ നിർമിക്കാൻ പണം സ്വരൂപിക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഉദാരവത്കരണ സാമ്പത്തിക നയം കർഷകർക്കും പാവപ്പെട്ടവർക്കും വേണ്ടിയുള്ളതാണെന്നും ഗഡ്കരി പറഞ്ഞു.
പ്രസംഗത്തിൽ ചൈനീസ് സാമ്പത്തിക വ്യവ്യസ്ഥയെയും ഗഡ്കരി പ്രശംസിച്ചു. ലിബറൽ സാമ്പത്തിക നയങ്ങൾ രാജ്യത്തിന്റെ വികസനത്തിന് സഹായിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ചൈനയെന്ന് അദ്ദേഹം പറഞ്ഞു.