'ഹിന്ദി ജന്മം കൊണ്ടത് കാശിയിൽ, രാജ്യഭാഷ വേണം'; വീണ്ടും ഹിന്ദി വാദമുയർത്തി അമിത് ഷാ
|ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വരുന്ന വേളയിലാണ് അമിത് ഷാ വീണ്ടും ഹിന്ദി വികാരം ഉണർത്തുന്നത്
ന്യൂഡൽഹി: ഹിന്ദിയെ രാഷ്ട്രഭാഷയാക്കി മാറ്റണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ ഭരണഭാഷ രാജ്ഭാഷയിലേക്കോ സ്വഭാഷയിലേക്കോ മാറ്റിയാൽ ജനാധിപത്യം വിജയകരമാകുമെന്നാണ് ഷായുടെ പ്രസ്താവന. വാരാണസിയിൽ സംഘടിപ്പിച്ച അഖിൽ ഭാരതീയ രാജ്‌സഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആഭ്യന്തര മന്ത്രാലയത്തിൽ ഇംഗ്ലീഷിൽ എഴുതുകയോ വായിക്കുകയോ ചെയ്യുന്ന ഒരു ഫയൽ പോലുമില്ല എന്ന് ഞാൻ അഭിമാനത്തോടെ പറയുകയാണ്. ഞങ്ങൾ സമ്പൂർണമായി രാജ്ഭാഷ സ്വീകരിച്ചിട്ടുണ്ട്. ഒരുപാട് വകുപ്പുകൾ ഈ ദിശയിലേക്ക് നീങ്ങുകയാണ്. ഭരണഭാഷ സ്വഭാഷയാകുമ്പോൾ മാത്രമേ ജനാധിപത്യം സഫലമാകൂ' - അദ്ദേഹം കൂട്ടിച്ചേർത്തു.
'ഭാഷ നഷ്ടപ്പെട്ട രാഷ്ട്രത്തിന് നാഗരികതയും സംസ്‌കാരവും ചിന്താരീതിയുമില്ല. യഥാർത്ഥ ചിന്ത നഷ്ടമായാൽ ലോകത്തന്റെ പുരോഗതിക്ക് അതിന് സംഭാവന ചെയ്യാനാകില്ല. നിങ്ങളുടെ മക്കളോട് മാതൃഭാഷയിൽ സംസാരിക്കൂ. അത് നമ്മുടെ അഭിമാനമാണ്. ഹിന്ദി കാശിയിൽ ജന്മം കൊണ്ടതാണ്. ഖാരി ബോലിയുടെ (ഹിന്ദിയുടെ ഭാഷാ വകഭേദം) ക്രമാനുഗത വികാസം വാരാണസിയിൽ തന്നെയായിരുന്നു. 1853ലാണ് ഹിന്ദി ഭാഷയുടെ പദവി ഉയർത്തപ്പെടുന്നത്. വാരാണസിയിലാണ് ആദ്യത്തെ ഹിന്ദി നിഘണ്ടുവുണ്ടായത്.' - ഷാ പറഞ്ഞു.
ഗുജറാത്തിയേക്കാൾ താൻ ഹിന്ദിയെയാണ് ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞ ഷാ ഗാന്ധി സ്വാതന്ത്ര്യ സമരത്തിൽ ഭാഷ ഉപയോഗിച്ചതായും ചൂണ്ടിക്കാട്ടി. 'ഗാന്ധിജി സ്വാതന്ത്ര്യസമരത്തെ ജനങ്ങളുടെ സമരമായി മാറ്റി. സ്വരാജ്, സ്വദേശി, സ്വഭാഷ എന്നിങ്ങനെ മൂന്ന് തൂണുകളാണ് അതിനുണ്ടായിരുന്നത്. സ്വരാജ് സ്വായത്തമായി. സ്വദേശിയും സ്വഭാഷയും നേടാനായില്ല. ഹിന്ദിയും മറ്റു പ്രാദേശിക ഭാഷകളും തമ്മിൽ സംഘർഷമില്ല' - അമിത് ഷാ കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വരുന്ന വേളയിലാണ് അമിത് ഷാ വീണ്ടും ഹിന്ദി വികാരം ഉണർത്തുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ പങ്കെടുത്തു.