ഐഫോണ്‍ വാങ്ങാനായി കുഞ്ഞിനെ വിറ്റു; ദമ്പതികള്‍ അറസ്റ്റില്‍
|പശ്ചിമബംഗാളിലെ വിവിധ ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത് റീല്‍സാക്കി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാനായിരുന്നു ദമ്പതികള്‍ തീരുമാനിച്ചിരുന്നത്
കൊല്‍ക്കൊത്ത: ഐഫോണ്‍ വാങ്ങാനായി ദമ്പതികള്‍ തങ്ങളുടെ എട്ടു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വിറ്റു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. ഇന്‍സ്റ്റഗ്രാമില്‍ റീല്‍സുണ്ടാക്കാനായിട്ടാണ് ദമ്പതികള്‍ ഐഫോണ്‍ വാങ്ങാന്‍ പദ്ധതിയിട്ടത്. എന്നാല്‍ പണമില്ലാത്തതിനാല്‍ സ്വന്തം കുഞ്ഞിനെ തന്നെ വില്‍ക്കുകയായിരുന്നു.
കുഞ്ഞിനെ പൊലീസ് രക്ഷപ്പെടുത്തി. കുട്ടിയുടെ മാതാവ് സതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലായിരുന്ന പിതാവ് ജയദേവിനെ പിന്നീട് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാളിലെ വിവിധ ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത് റീല്‍സാക്കി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാനായിരുന്നു ദമ്പതികള്‍ തീരുമാനിച്ചിരുന്നത്. വീഡിയോ ചിത്രീകരിക്കുന്നതിനായി ഐഫോണ്‍ വാങ്ങുകയായിരുന്നു ലക്ഷ്യം. പാനിഹാത്തി ഗാന്ധിനഗർ പ്രദേശത്താണ് ദമ്പതികള്‍ താമസിക്കുന്നത്. കുഞ്ഞിനെ കാണാതായപ്പോഴുള്ള സതിയുടെയും ജയ്ദേവിന്‍റെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ അയല്‍വാസികള്‍ ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ വിറ്റതായി വെളിപ്പെടുത്തിയത്. കുറ്റസമ്മതത്തെ തുടർന്ന് ഖർദ പ്രദേശത്തെ ഒരു സ്ത്രീയിൽ നിന്ന് പൊലീസ് കുഞ്ഞിനെ രക്ഷപ്പെടുത്തി. അതേസമയം, അന്വേഷണം പൂർത്തിയാകുന്നതുവരെ കേസുമായി ബന്ധപ്പെട്ട് ഒന്നും വെളിപ്പെടുത്താൻ ഖാർദ പൊലീസ് സ്റ്റേഷൻ അധികൃതർ വിസമ്മതിച്ചു.
വിറ്റ കുഞ്ഞിനെ കൂടാതെ ഏഴു വയസുള്ള മകളും ദമ്പതികള്‍ക്കുണ്ട്. ശനിയാഴ്ച, ദമ്പതികളുടെ കുഞ്ഞിനെ കാണാതാവുകയും സതിക്ക് പെട്ടെന്ന് വിലകൂടിയ സ്മാർട്ഫോൺ ലഭിക്കുകയും ചെയ്തതോടെയാണ് അയല്‍വാസികള്‍ക്ക് സംശയമായത്. ഇവര്‍ മയക്കുമരുന്നും ഉപയോഗിക്കാറുണ്ടെന്ന് അയല്‍വാസികള്‍ ആരോപിച്ചു. ''ആൺകുട്ടിയെ വിറ്റതിന് ശേഷം ശനിയാഴ്ച അർദ്ധരാത്രി ജയദേവ് പെൺകുട്ടിയെയും വിൽക്കാൻ ശ്രമിച്ചു. അത് മനസ്സിലായാലുടൻ ഞങ്ങൾ പൊലീസിനെ അറിയിച്ചു. ജയദേവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്'' പ്രദേശത്തെ കൗണ്‍സിലര്‍ താരക് ഗുഹ പറഞ്ഞു.റഹ്‌റ സ്വദേശിയായ പ്രിയങ്ക ഘോഷാണ് കുഞ്ഞിനെ വാങ്ങിയത്. കുട്ടിയെ രക്ഷിച്ചതിനൊപ്പം പ്രിയങ്കയെയും പൊലീസ് അറസ്റ്റ് ചെയ്തു. ദാരിദ്ര്യം മൂലമാണോ അതോ മറ്റെന്തെങ്കിലും കാരണത്താലാണോ കുട്ടിയെ വിറ്റതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ദമ്പതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.