ഗൂഗിൾ മാപ്പിൽ പിൻ സമർപ്പിക്കണം; പെരുന്നാളിന് നാട്ടിൽ പോകാൻ സഫൂറ സർഗാറിന് നിബന്ധനകളോടെ അനുമതി
|ബലിപെരുന്നാളിനോടനുബന്ധിച്ചാണ് കോടതി കശ്മീരിലെ വീട്ടിൽ പോകാൻ അനുവദിച്ചിരിക്കുന്നത്. സന്ദർശനത്തിന്റെ വിശദാംശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനെ കൃത്യമായി ഇ-മെയിൽ വഴി അറിയിക്കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്
പൗരത്വ സമര പ്രക്ഷോഭക സഫൂറ സർഗാറിന് കശ്മീരിലെ നാട് സന്ദർശിക്കാൻ അനുമതി. ഡൽഹിയിലെ വിചാരണ കോടതിയാണ് നാട്ടിൽ പോകാൻ സഫൂറയ്ക്ക് അനുമതി നൽകിയത്.
ബലിപെരുന്നാളിനോടനുബന്ധിച്ചാണ് കോടതി വീട്ടിൽ പോകാൻ അനുവദിച്ചിരിക്കുന്നത്. ഒരു മാസക്കാലത്തേക്കാണ് അനുമതി. എന്നാൽ, കർശന നിബന്ധനയും വച്ചിട്ടുണ്ട് കോടതി. നാട്ടിലെത്തിയാൽ ഗൂഗിൾ മാപ്പിൽ പിൻകോഡ് സമർപ്പിക്കണം. മറ്റെവിടെയും പോകുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന് സ്ഥിരീകരിക്കാനായാണ് ഇങ്ങനെയൊരു നിബന്ധന വയ്ക്കുന്നതെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
സഫൂറ സർഗാർ കോടതിയിൽ സമർപ്പിച്ച അപേക്ഷ പരിഗണിക്കുകയായിരുന്നു അഡീഷനൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത്. ജാമ്യമനുവദിക്കാനായി ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച എല്ലാ നിബന്ധനകളും കൃത്യമായി പാലിക്കണമെന്നും സഫൂറയോട് കോടതി നിർദേശിച്ചിട്ടുണ്ട്.
സന്ദർശനത്തിന്റെ വിശദാംശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനെ കൃത്യമായി ഇ-മെയിൽ വഴി അറിയിക്കണം. ഗൂഗിൾ മാപ്പിൽ പിൻ സമർപ്പിക്കണം. ഇതുവഴി ഇവർ എവിടെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് സ്ഥിരീകരിക്കാനാകുമെന്നും ജഡ്ജി അമിതാഭ് റാവത്ത് വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന്‍റെ പേരില്‍ യുഎപിഎ ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥിനി സഫൂറ സര്‍ഗാറിന് കഴിഞ്ഞ മാസം കോടതി ജാമ്യം അനുവദിച്ചിരുന്നു. 2020 ഏപ്രില്‍ 10ന് മൂന്ന് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് സഫൂറയെ അറസ്റ്റ് ചെയ്തത്.