India
സിബിഐ ഉദ്യോഗസ്ഥർക്കെതിരായ പരാമർശം; തേജസ്വി യാദവിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി
India

സിബിഐ ഉദ്യോഗസ്ഥർക്കെതിരായ പരാമർശം; തേജസ്വി യാദവിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി

Web Desk
|
18 Oct 2022 8:58 AM GMT

പൊതുകാര്യങ്ങൾ സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് കോടതി തേജസ്വിയെ ഓർമിപ്പിച്ചു.

ന്യൂഡൽഹി: സിബിഐ ഉദ്യോഗസ്ഥൻമാരെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ ജാമ്യം റദ്ദാക്കാനാവില്ലെന്ന് ഡൽഹി കോടതി. പൊതുകാര്യങ്ങൾ സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് കോടതി തേജസ്വിയെ ഓർമിപ്പിച്ചു.

ഉത്തർപ്രദേശിൽവെച്ച് തങ്ങളുടെ ഒരു ഉദ്യോഗസ്ഥനു നേരെ വധശ്രമമുണ്ടായെന്നും എന്നാൽ അതിന് ഈ കേസുമായി ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ തങ്ങളുടെ കയ്യിലില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. അതേസമയം തേജസ്വിയുടെ ഭീഷണി പരാമർശങ്ങൾക്ക് ശേഷം ഉദ്യോഗസ്ഥർക്ക് ഭയവും ആശങ്കയമുണ്ടെന്നും സിബിഐ കോടതിയിൽ വ്യക്തമാക്കി.

പട്‌നയിലെ വാർത്താസമ്മേളനത്തിൽ തേജസ്വി നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. ''സിബിഐ ഉദ്യോഗസ്ഥൻമാർക്ക് അമ്മയും സഹോദരിമാരും മക്കളുമില്ലേ? എല്ലാ കാലത്തും സിബിഐ ഉദ്യോഗസ്ഥരായി തുടരുമെന്നാണോ അവർ കരുതിയത്? അവർ വിരമിക്കില്ലേ? ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ ചുമതലകൾ നിങ്ങൾ വിശ്വസ്തതയോടെ നിർവഹിക്കണം''-ഇതായിരുന്നു തേജസ്വിയുടെ വാക്കുകൾ.

തേജസ്വി തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹത്തിനെതിരായ കേസിൽ വാദം പൂർത്തിയാകുന്നത് വരെ ജയിലിലടക്കണമെന്നും സിബിഐ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഉപമുഖ്യമന്ത്രി പദവിയിൽ ഇരിക്കുമ്പോൾ ഇത്തരം പരാമർശങ്ങൾ നടത്താമോ എന്ന് ചോദിച്ച കോടതി ഇനി ആവർത്തിക്കരുതെന്നും തേജസ്വിയെ ഓർമിപ്പിച്ചു.

ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷന്റെ ഹോട്ടലുകൾ സ്വകാര്യ കമ്പനിയുമായുണ്ടാക്കിയ കരാറിൽ അഴിമതി ആരോപിച്ചാണ് സിബിഐ കേസെടുത്തത്.

Similar Posts