‘നിങ്ങൾക്ക് ഇതിൽ റോളില്ല’; കെജ്‌രിവാളിൻ്റെ ഹരജിയിൽ ഇഡിയെ തള്ളി കോടതി
|കെജ്‌രിവാളിൻ്റെ ജാമ്യാപേക്ഷ ജൂൺ 19ന് കോടതി പരിഗണിക്കും
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹരജിയിൽ ഇഡിയുടെ എതിർപ്പിനെ തള്ളി ഡൽഹി കോടതി. കെജ്‌രിവാളിന്റെ മെഡിക്കൽ ചെക്കപ്പുമായി ബന്ധപ്പെട്ട അഭ്യർഥനകളെ ഇഡിക്ക് എതിർക്കാൻ കഴിയില്ലെന്ന് കോടതി അറിയിച്ചു.
'പ്രതി ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്, ഇഡിയുടെ കസ്റ്റഡിയിലല്ല. അദ്ദേഹത്തിന് എന്തെങ്കിലും ആശ്വാസം വേണമെങ്കിൽ ഇഡിക്ക് അത് എതിർക്കാൻ കഴിയില്ല.'- ജഡ്ജി മുകേഷ് കുമാർ കേന്ദ്ര അന്വേഷണ ഏജൻസിയോട് പറഞ്ഞു.
മെഡിക്കൽ ചെക്കപ്പുകൾ നടക്കുമ്പോൾ ഭാര്യയെ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കാൻ അനുവദിക്കണമെന്ന കെജ്‌രിവാളിൻ്റെ അപേക്ഷയിൽ പ്രതികരിക്കാൻ തിഹാർ ജയിൽ സൂപ്രണ്ടിനോടും അദ്ദേഹം നിർദേശിച്ചു. ഇതിൽ ജയിൽ അധികൃതരിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെടാൻ ഇഡി പ്രത്യേക അഭിഭാഷകൻ സോഹെബ് ഹൊസൈൻ കോടതിയോട് ആവശ്യപ്പെട്ടു.
കെജ്‌രിവാളിൻ്റെ ജാമ്യാപേക്ഷ ജൂൺ 19ന് കോടതി പരിഗണിക്കും. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21നാണ് ഇഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.