India
മഹാരാഷ്ട്രാ മന്ത്രി നവാബ് മാലിക് 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ
India

മഹാരാഷ്ട്രാ മന്ത്രി നവാബ് മാലിക് 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ

Web Desk
|
7 March 2022 9:53 AM GMT

ദാവൂദ് ഇബ്രാഹിമിന് ബന്ധമുള്ള കള്ളപ്പണക്കേസിൽ പങ്കുണ്ടെന്നാരോപിച്ച് ഫെബ്രുവരി 23നാണ് നവാബ് മാലികിനെ അറസ്റ്റ് ചെയ്തത്

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മഹാരാഷ്ട്രാ മന്ത്രി നവാബ് മാലിക് 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന് ബന്ധമുള്ള കള്ളപ്പണക്കേസിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു ഫെബ്രുവരി 23ന് മഹാരാഷ്ട്ര സര്‍ക്കാറില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയും മുതിർന്ന എൻ.സി.പി നേതാവുമായ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നത്.

കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ വ്യാഴാഴ്ച മാലിക്കിനെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇ.ഡിയുടെ ആവശ്യപ്രകാരം ഇന്നുവരെയായിരുന്നു കസ്റ്റഡി കാലാവധി നീട്ടിയിരുന്നത്.

ദാവൂദ് ഇബ്രാഹിമിനെതിരെയും കൂട്ടാളികള്‍ക്കെതിരെയും ദേശീയ അന്വേഷണ ഏജന്‍സി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് ഇ.ഡി നവാബ് മാലിക്കിനെതിരെയും കേസെടുത്തത്. നവാബ് മാലിക് നടത്തിയ വസ്തു ഇടപാടിലെ ചില രേഖകൾ ഈ അന്വേഷണത്തിൽ തെളിവുകളായി കണ്ടെത്തിയിരുന്നു.

അഞ്ചുവട്ടം എം.എൽ.എയായ നവാബ് മാലിക് എൻ.സി.പിയുടെ ദേശീയ വക്താവാണ്. ആര്യൻ ഖാൻ കേസിലടക്കം ബി.ജെ.പി സർക്കാറിന്റെ നിശിത വിമർശകനാണ് ഈ 62 കാരൻ. അതേസമയം, നവാബ് മാലിക് രാജി വെക്കേണ്ടതില്ലെന്നായിരുന്നു മഹാ വികാസ് അഘാഡി മുന്നണിയുടെ തീരുമാനം.

Similar Posts