മതവികാരം വ്രണപ്പെടുമെന്ന് ഹിന്ദുവിഭാഗം; 'മഹാരാജി'ന്റെ റിലീസ് വിലക്കി ഗുജറാത്ത് ഹൈക്കോടതി
|1862ലെ മഹാരാജ് ലിബൽ കേസ് അടിസ്ഥാനമാക്കിയുള്ള ചിത്രം മതവികാരം വ്രണപ്പെടുത്തുമെന്ന് കാട്ടി കൃഷ്ണ,വല്ലഭാചാര്യ വിശ്വാസികളാണ് ഹരജി നൽകിയത്
അഹമ്മദാബാദ്: ബോളിവുഡ് താരം ആമിർ ഖാന്റെ മകൻ ജുനൈദ് നായകനാകുന്ന ചിത്രം 'മഹാരാജി'ന്റെ റിലീസ് വിലക്കി ഗുജറാത്ത് ഹൈക്കോടതി. മതവികാരം വ്രണപ്പെടുമെന്ന ഹിന്ദു വിഭാഗത്തിന്റെ ഹരജിയിലാണ് നടപടി. സിദ്ധാർഥ് പി മൽഹോത്രയുടെ സംവിധാനത്തിൽ ജൂൺ 14നാണ് നെറ്റ്ഫ്‌ളിക്‌സിലൂടെ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.
1862ലെ മഹാരാജ് ലിബൽ കേസ് അടിസ്ഥാനമാക്കിയുള്ള ചിത്രം മതവികാരം വ്രണപ്പെടുത്തുമെന്ന് കാട്ടി കൃഷ്ണ,വല്ലഭാചാര്യ വിശ്വാസികളാണ് ഹരജി നൽകിയത്. ഗുജറാത്തിലെ പുഷ്ടിമാർഗ് എന്ന ആശ്രമവുമായി ബന്ധപ്പെട്ടതാണ് ഈ കേസ്. കർസാന്ധാസ് മുൽജി എന്ന മാധ്യമപ്രവർത്തകനെതിരായി പുഷ്ടിമാർഗിലെ ആത്മീയനേതാവായിരുന്ന ജഡുനാഥ്ജി ബ്രിജ്‌രാതൻജി മഹാരാജ് ഫയൽ ചെയ്ത മാനനഷ്ടക്കേസ് അക്കാലത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
മുംബൈയിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകനായിരുന്നു കർസാന്ധാസ്. ഹിന്ദു മതത്തിലെ കാലഹരണപ്പെട്ട ആചാരങ്ങളെയും സാമൂഹികവിപത്തുകളെയും കുറിച്ച് തുറന്നെഴുതി വലിയ വിമർശനങ്ങളേറ്റു വാങ്ങിയാണ് അദ്ദേഹവും അദ്ദേഹം തുടങ്ങി വച്ച വാരാന്ത്യപത്രം സത്യപ്രകാശും മുന്നോട്ടുപോയിരുന്നത്. 500 പേർ മാത്രമാണ് വരിക്കാരെങ്കിലും ബോംബെയിലെ യാഥാസ്ഥിതിക ഗുജറാത്തി ഹിന്ദുക്കളെ പ്രകോപിപ്പിക്കാൻ വാരാന്ത്യമിറങ്ങുന്ന ആ പത്രം ധാരാളമായിരുന്നു.
16ാം നൂറ്റാണ്ടിൽ വല്ലഭാചാര്യൻ സ്ഥാപിച്ച പുഷ്ടിമാർഗ് എന്ന വിശ്വാസിസമൂഹത്തിലെ അംഗമായിരുന്നു കർസാന്ധാസ്. വടക്കേഇന്ത്യയിലെ പ്രബലമായ ഒരു ഹിന്ദുവിഭാഗമായിരുന്നു ഇത്. 19ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയോടെ, മഹാരാജ് എന്ന നേതൃവിഭാഗത്തിന്റെ കഴിവിൽ സാമ്പത്തികമായും സാമൂഹികമായും മുന്നിട്ടുനിൽക്കാൻ പുഷ്ടിമാർഗിനായിരുന്നു. വിശ്വാസികളിൽ അസാധാരണമായ സ്വാധീനമായിരുന്നു ഈ ആത്മീയനേതാക്കൾക്കുണ്ടായിരുന്നത്. ശ്രീകൃഷ്ണന്റെ പിന്തുടർച്ചക്കാരായി കണക്കാക്കപ്പെട്ടിരുന്ന ഇവർക്ക് വിശ്വാസികളിലൂടെ ധാരാളം സമ്പത്തും കൈവന്നിരുന്നു.
നൂറ്റാണ്ടിന്റെ അവസാനത്തോടെ അഴിമതി ആരോപണങ്ങളും ലൈംഗികപീഡനപരാതികളും അന്നത്തെ മഹാരാജ് ആയിരുന്ന ജഡുനാഥ്ജിക്കെതിരെ വന്നു തുടങ്ങി. വിശ്വാസികൾക്കിടയിൽ വലിയ രീതിയിൽ വിഭജനത്തിനും ഇത് കാരണമായി. യുവാക്കളിൽ ഭൂരിഭാഗവും മഹാരാജിനെതിരെ തിരിഞ്ഞു. ഇവിരലൊരാളായിരുന്നു കർസാന്ധാസും. തന്റെ വിശ്വാസത്തെ സ്വന്തം എഴുത്തുകളിലൂടെ ചോദ്യം ചെയ്ത കർസാന്ധാസ്, ആശ്രമത്തിലെ പൊരുത്തക്കേടുകൾ അടിസ്ഥാനമാക്കി ഒരു ലേഖനം പ്രസിദ്ധീകരിച്ചത് മഹാരാജിന് വലിയ തിരിച്ചടിയായി.
സ്ത്രീകളായ ഭക്തരുമായി മഹാരാജ് ലൈംഗികബന്ധത്തിലേർപ്പെടാറുണ്ടെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് കർസാന്ധാസ് മഹാരാജിനെതിരെ തന്റെ ലേഖനത്തിൽ ഉന്നയിച്ചത്. തുടർന്ന് ബോംബെ ഹൈക്കോടതിയിൽ മഹാരാജ് കർസാന്ധാസിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. പ്രശസ്തമായ വാരൻ ഹേസ്റ്റിംഗ്‌സ് വിചാരണയ്ക്ക് ശേഷം നടന്ന ഏറ്റവും വലിയ വിചാരണയായിരുന്നു ഈ കേസിന്റേത്. 50000 രൂപയാണ് അന്ന് നഷ്ടപരിഹാരമായി മഹാരാജ് ആവശ്യപ്പെട്ടത്.
അന്നത്തെ ബോംബെ സുപ്രിംകോടതി തനിക്കനുകൂലമായി കേസ് വിധിക്കുമെന്ന മഹാരാജിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുന്നതായിരുന്നു കോടതി വിധി. ചീഫ് ജസ്റ്റിസ് മാത്യു സോസ്, ജോസഫ് അർനോൾഡ് എന്നിവരാണ് അധ്യക്ഷരായുണ്ടായിരുന്നത്. കോടതി നടപടികളിൽ ആയിരത്തിലധികം പേരും പങ്കെടുത്തു.
സ്വന്തം സമുദായത്തിൽ നിന്ന് കടുത്ത സമ്മർദമായിരുന്നു കേസ് നടക്കുന്ന കാലയളവിൽ കർസാന്ധാസ് നേരിട്ടിരുന്നത്. സമുദായത്തിൽ നിന്ന് പുറത്താക്കി, ഒറ്റപ്പെടുത്തും എന്നുവരെ ഭീഷണിയുയർന്നു. എന്നാൽ പുരോഹിതന്മാരെയും പുഷ്ടിമാർഗിലെ തന്നെ മറ്റ് മതാചാര്യന്മാരെയും ഭക്തരെയും പങ്കെടുപ്പിച്ച് നടത്തിയ വിചാരണയ്‌ക്കൊടുവിൽ കേസ് കർസാന്ധാസിനനുകൂലമായി വിധിക്കുകയാണുണ്ടായത്. 11,500 രൂപ നഷ്ടപരിഹാരമായി കോടതി കർസാന്ധാസിന് അനുവദിച്ച് കൊടുക്കുകയും ചെയ്തു.
കേസ് അവസാനിപ്പിച്ച് കൊണ്ട് ജഡ്ജി അർനോൾഡ് നടത്തിയ പ്രസ്താവനയ്ക്ക് ഇന്നും പ്രസക്തിയുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. ധർമപരമായ തെറ്റുകൾ ഒരിക്കലും വിശ്വാസപരമായി ശരിയാകില്ല എന്ന അദ്ദേഹത്തിന്റെ പരാമർശത്തോടെ ചരിത്രപരമായ മഹാരാജ് ലിബൽ കേസിന് അവിടെ തിരശ്ശീല വീണു.
ഈ കേസ് ചൂണ്ടിക്കാട്ടിയാണ് ഗുജറാത്തിലെ ഹിന്ദു വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. ചിത്രം ഹിന്ദുക്കൾക്കിടയിൽ വലിയ പ്രകോപനം സൃഷ്ടിക്കുമെന്ന ഹരജിക്കാരുടെ വാദം കോടതി പരിഗണിക്കുകയായിരുന്നു