India
Rahul Gandhi_Congress MP
India

'ഏത് കൊലപാതകിക്കും ബി.ജെ.പി അധ്യക്ഷനാകാം'; പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധിക്ക് സമൻസ്

Web Desk
|
17 March 2024 6:39 AM GMT

ബിജെപി നേതാവ് പ്രതാപ് കത്യാറിന്റെ പരാതിയിലാണ് കോടതി നടപടി

ന്യൂഡൽഹി: ഏത് കൊലപാതകിക്കും ബി.ജെ.പി അധ്യക്ഷനാകാമെന്ന പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സമൻസ്. മാർച്ച് 27ന് ഹാജരാകാൻ ആവശ്യപ്പെട്ട് ജാർഖണ്ഡ് പ്രത്യേക കോടതിയാണ് സമൻസ് അയച്ചത്. ഏത് കൊലപാതകിക്കും ബിജെപി അധ്യക്ഷനാകാമെന്ന് 2018ലാണ് രാഹുൽ പറഞ്ഞത്. ബിജെപി നേതാവ് പ്രതാപ് കത്യാറിന്റെ പരാതിയിലാണ് കോടതി നടപടി.

നേരത്തെ അപകീർത്തിക്കേസിൽ രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് രാഹുലിന് എംപി സ്ഥാനം നഷ്ടമായിരുന്നു. പിന്നീട് കോടതി ഉത്തരവിലൂടെയാണ് സ്ഥാനം തിരികെലഭിച്ചത്. കർണാടകയിൽ വെച്ച് രാഹുൽ നടത്തിയ മോദി പരാമർശത്തെ തുടർന്നാണ് സൂറത്ത് കോടതി രണ്ടു വർഷം തടവ് വിധിച്ചിരുന്നത്. 2019ൽ കോലാറിൽ നടത്തിയ പ്രസംഗത്തിലെ മോദി പരാമർശത്തിനാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് സി.ജെ.എം കോടതി രണ്ടു വർഷം തടവു ശിക്ഷിച്ചത്.

അപകീർത്തി പരാമർശ കേസിൽ രാഹുൽ ഗാന്ധിയുടെ ഹരജി ജാർഖണ്ഡ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെയുള്ള പരാമർശത്തിന്റെ പേരിൽ റാഞ്ചിയിലെ വിചാരണക്കോടതിയിൽ നടക്കുന്ന നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. അമിത് ഷാ കൊലപാതക കേസ് പ്രതിയാണെന്ന പരാമർശത്തിനെതിരെയാണ് കേസ്. ബിജെപി നേതാവ് നവീൻ ഝായാണ് പരാതി നൽകിയിരുന്നത്.

2018ലെ കർണാടക സംസ്ഥാന തെരഞ്ഞെടുപ്പിനിടെയാണ് അന്നത്തെ ബിജെപി അധ്യക്ഷനായ അമിത് ഷാക്കെതിരെ പരാമർശം നടത്തിയത്. സമാനമായ കേസ് ഉത്തർപ്രദേശിലും നിലവിലുണ്ട്. യുപി സുൽത്താൻപൂർ കോടതിയിൽ രാഹുൽ ഹാജരായി ജാമ്യം നേടിയിരുന്നു. അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തി എന്നാരോപിച്ച് ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് യുപിയിൽ കേസ് നൽകിയത്. അതിനിടെ, ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ സംഘർഷമുണ്ടാക്കി എന്ന കേസിൽ രാഹുൽ ഗാന്ധിക്ക് അസം സിഐഡി സമൻസ് അയച്ചിരുന്നു.



Similar Posts