കോവിഡ് മൂന്നാം തരംഗം; അതിതീവ്ര വൈറസ് ബാധയെങ്കില്‍ കനത്ത നാശം വിതയ്ക്കുമെന്ന് പഠനം
|വൈറസിന്റെ തീവ്രത കുറവാണെങ്കില്‍ ചെറിയ അലയൊലികളായി കടന്നുപോകുമെന്നും പഠനം പറയുന്നു.
അതിതീവ്ര വൈറസാണ് പടർന്നുപിടിക്കുന്നതെങ്കിൽ കോവിഡിന്റെ ഒന്നാം തരംഗത്തിന് സമാനമായിരിക്കും മൂന്നാം തരംഗമെന്ന് പഠനം. വൈറസിന്റെ തീവ്രത കുറവാണെങ്കില്‍ ചെറിയ അലയൊലികളായി കടന്നുപോകുമെന്നും പഠനത്തില്‍ പറയുന്നു.
കേന്ദ്രസർക്കാറിനു കീഴിൽ ശാസ്ത്ര സാങ്കേതിക വകുപ്പ് രൂപീകരിച്ച വിദഗ്ധ പാനല്‍, 'സൂത്ര' എന്ന ഗണിതശാസ്ത്ര സമീപനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിലാണ് വിലയിരുത്തല്‍. കോവിഡ് വ്യാപനത്തെക്കുറിച്ച് ഗണിതശാസ്ത്രത്തിന്റെ സഹായത്തോടെ വിലയിരുത്തുകയാണ് മൂന്നംഗ പാനലിന്റെ ലക്ഷ്യം. ഐ.ഐ.ടി കാണ്‍പൂരിലെ എം. അഗർവാൾ, ഐ.ഐ.ടി ഹൈദരാബാദിലെ എം. കനിത്കാർ, എം. വിദ്യാസാഗർ എന്നിവരാണ് സമിതി അംഗങ്ങൾ.
ആർജിത പ്രതിരോധ ശേഷി നഷ്ടപ്പെടൽ, വാക്സിനേഷനിലൂടെ ആർജിച്ചെടുത്ത പ്രതിരോധ ശക്തി എന്നിവ കണക്കാക്കിയാണ് മൂന്നാംതരംഗത്തിന്റെ പ്രവചനം. പുതിയ വൈറസുകൾ പടർന്നുപിടിക്കാനുള്ള സാധ്യതയും അതിന്റെ വ്യാപനശേഷിയും വിദഗ്ധ സമിതി കണക്കാക്കിയിരുന്നു.
രണ്ടാം തരംഗം നേരിട്ടതോടെ ആളുകളുടെ ജീവിത ശൈലിയിലും മാനദണ്ഡങ്ങൾ പാലിക്കുന്നതിലും വന്ന മാറ്റങ്ങളും പരിശോധനയ്ക്കെടുത്തതായി പ്രഫസർ എം. അഗർവാൾ പറഞ്ഞു. അതേസമയം, ആഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ രണ്ടാം തരംഗം ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്നാണ് അനുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.