കോവിഡ് വ്യാപനം; റിപബ്ലിക് ദിനാഘോഷ പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ
|ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡ് പതിവിലും അര മണിക്കൂർ വൈകിയായിരിക്കും തുടങ്ങുകയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു
കോവിഡ് രാജ്യത്ത് പിടിമുറുക്കിയ സാഹചര്യത്തിൽ റിപബ്ലിക് ദിനാഘോഷ പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ. ഇത്തവണ ആഘോഷ പരിപാടികൾക്കായി 19000 പേരെ മാത്രമേ ക്ഷണിച്ചിട്ടുള്ളു. കഴിഞ്ഞ വർഷം കോവിഡ് പകർച്ച വ്യാധിക്കിടയിൽ നടന്ന പരേഡിൽ ഏകദേശം 1.25 ലക്ഷം ആളുകളെ അനുവദിച്ചിരുന്നു. റിപബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ വിദേശ പ്രമുഖരാരും ഇല്ലെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്. തുടർച്ചയായ രണ്ടാം വർഷമാണ് വിദേശ പ്രമുഖരില്ലാതെ റിപബ്ലിക് ദിനം ആഘോഷിക്കാൻ പോകുന്നത്.
ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡ് പതിവിലും അര മണിക്കൂർ വൈകിയായിരിക്കും തുടങ്ങുകയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതികൂലമായ കാലാവസ്ഥയെ കണക്കിലെടുത്താണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. സാധാരണ റിപബ്ലിക് ദിനത്തിൽ 10 മണിക്ക് തുടങ്ങാറുള്ള പരേഡ് 10.30 ന് ആയിരിക്കും ആരംഭിക്കുക. മുൻ റിപ്പബ്ലിക് ദിന പരേഡുകളിൽ നിന്നുള്ള ദൃശ്യങ്ങളും സായുധ സേനയെക്കുറിച്ചുള്ള ഹ്രസ്വചിത്രങ്ങളും പരേഡിന് മുന്നോടിയായി പ്രദർശിപ്പിച്ചേക്കുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. അതേസമയം ദേശീയ കേഡറ്റ് കോർപ്സിന്റെ (എൻസിസി) രാജ്യവ്യാപകമായ ഫ്ലാഗ്ഷിപ്പ് പ്രോഗ്രാം ജനുവരി 26 ന് നടക്കും.
ഈ വർഷത്തെ റിപ്പബ്ലിക് ദിനം ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിലാണ് ആഘോഷിക്കുന്നത്. ജനുവരി 26 ന് രാജ്പഥിൽ നടക്കുന്ന പ്രധാന പരേഡിലും ജനുവരി 29 ന് നടക്കുന്ന ബീറ്റിംഗ് റിട്രീറ്റ് 'ചടങ്ങിലും' പൊതു ജനങ്ങൾക്ക് നിരവധി സംഭവങ്ങൾ കാണാനുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ സൈന്യത്തിന്റെ ശക്തി പ്രകടനവും റിപബ്ലിക് ദിനത്തിൽ നടക്കും. റഫാൽ, സുഖോയ്, ജാഗ്വാർ, എംഐ-17, സാരംഗ്, അപ്പാച്ചെ, ഡക്കോട്ട തുടങ്ങിയ ആധുനിക വിമാനങ്ങളും പ്രദർശിപ്പിച്ചേക്കും. സുരക്ഷയെ മുൻനിർത്തി 300 സിസിടിവികൾ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.