കോവിഡ് വരുമെന്ന് ഭയം; മൂന്നു വര്‍ഷമായി വീടിനു പുറത്തിറങ്ങാതെ അമ്മയും മകളും
|ആന്ധ്രാപ്രദേശിലെ കകിനട ജില്ലയിലെ കുയ്യേരു ഗ്രാമത്തിലാണ് സംഭവം
കകിനട: കോവിഡ് ഭീതി ഏറെക്കുറെ ഒഴിഞ്ഞുപോയെങ്കിലും ചിലരെങ്കിലും ആ പേടിയില്‍ നിന്നും ഇപ്പോഴും മുക്തരാക്കിയിട്ടില്ല. സാമൂഹ്യ അകലം പാലിച്ചും സാനിറ്റൈസറും മാസ്കും ഉപയോഗിച്ചും തങ്ങളില്‍ നിന്നും വൈറസിനെ അകറ്റിനിര്‍ത്താനുള്ള ശ്രമത്തിലാണ് ഇവര്‍. എന്നാല്‍ കോവിഡിനെ പേടിച്ച് വീടിനു പുറത്തിറങ്ങാത്തവരുമുണ്ട് ഇക്കൂട്ടത്തില്‍. ആന്ധ്രാപ്രദേശിലെ കകിനട ജില്ലയിലെ കുയ്യേരു ഗ്രാമത്തിലാണ് സംഭവം. കോവിഡ് വരുമെന്ന് പേടിച്ച് കഴിഞ്ഞ മൂന്നു വര്‍ഷമായി ഒരമ്മയും മകളും വീടിനു പുറത്തിറങ്ങാറില്ല.
കർനീദി മണിയും 20 വയസുകാരിയായ മകൾ ദുർഗ ഭവാനിയുമാണ് വര്‍ഷങ്ങളായി വീടിനു പുറത്തിറങ്ങാതെ സ്വയം ഒറ്റപ്പെട്ടു ജീവിക്കുന്നത്. വാതിലുകള്‍ പോലും തുറക്കാറില്ല. ഇവരുടെ ആരോഗ്യനില വഷളായതിനെ കുറിച്ച് ഭർത്താവ് കർനീദി സൂരിബാബു ചൊവ്വാഴ്ച പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ വിവരമറിയിക്കുകയായിരുന്നു. തങ്ങള്‍ക്ക് കോവിഡ് ഫോബിയ ഉണ്ടായിരുന്നുവെന്നും മന്ത്രവാദം നടത്തി തങ്ങളെ ആരെങ്കിലും കൊല്ലുമോ എന്ന് ഭയപ്പെട്ടിരുന്നതായും ഭര്‍ത്താവ് പറഞ്ഞു. പൊലീസിന്റെയും മെഡിക്കൽ, ഹെൽത്ത് ഡിപ്പാർട്ട്‌മെന്‍റ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ വീട്ടില്‍ നിന്നും ബലമായി മാറ്റിയ ഇവരെ കകിനട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഒരേ പുതപ്പാണ് ഇരുവരും ഉപയോഗിച്ചിരുന്നത്. മഹമാരി സമയത്ത് വീട്ടില്‍ നിന്നും അമ്മയും മകളും പുറത്തിറങ്ങുന്നതു തന്നെ അപൂര്‍വമായിരുന്നു. ആദ്യമൊക്കെ വീട്ടില്‍ തന്നെ ഭക്ഷണമുണ്ടാക്കി മൂവരും വിളമ്പി കഴിച്ചിരുന്നുവെന്ന് സൂരിബാബു പറഞ്ഞു. പിന്നെ നാലു മാസത്തോളം ഭക്ഷണം വിളമ്പാൻ പോലും അവർ അയാളെ അനുവദിച്ചില്ല.പിന്നീട് അയാള്‍ മറ്റൊരു വീട്ടിലേക്ക് താമസം മാറുകയും അവിടെ ഭക്ഷണം പാകം ചെയ്തു ജനാലയിലൂടെ ഭാര്യക്കും മകള്‍ക്കും നല്‍കുകയുമായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് ഭാര്യയുടെയും മകളുടെയും അവശനിലയെക്കുറിച്ച് സൂരിബാബു പിഎച്ച്‌സി ജീവനക്കാരെ അറിയിച്ചു.പിഎച്ച്‌സി ഡോക്ടർ സുപ്രിയ മെഡിക്കൽ, ഹെൽത്ത് ജീവനക്കാരെ വീട്ടിലേക്ക് അയച്ചു.അവര്‍ ബലമായി വീട്ടിലേക്ക് കയറിയപ്പോള്‍ ദുര്‍ഗന്ധം നിറഞ്ഞ അവസ്ഥയിലായിരുന്നു. ഇവരെ രണ്ട് ദിവസത്തേക്ക് നിരീക്ഷണത്തിലാക്കിയതായി സൂപ്രണ്ട് ഡോ.ഹേമലത പറഞ്ഞു.