India
ആശുപത്രികളിൽ ഇന്ന് മോക്ഡ്രിൽ; കോവിഡ് ചികിത്സക്ക് സജ്ജമാണോയെന്ന് വിലയിരുത്തും
India

ആശുപത്രികളിൽ ഇന്ന് മോക്ഡ്രിൽ; കോവിഡ് ചികിത്സക്ക് സജ്ജമാണോയെന്ന് വിലയിരുത്തും

Web Desk
|
27 Dec 2022 1:06 AM GMT

തെരഞ്ഞെടുത്ത 19 ആശുപത്രികളിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ മേൽനോട്ടത്തിൽ ആണ് മോക്ഡ്രിൽ നടക്കുക

ന്യൂഡൽഹി: രാജ്യത്തെ ആശുപത്രികൾ കോവിഡ് ചികിത്സക്ക് സജ്ജമാണോയെന്ന് വിലയിരുത്താൻ ഇന്ന് മോക്ഡ്രിൽ നടക്കും. തെരഞ്ഞെടുത്ത 19 ആശുപത്രികളിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ മേൽനോട്ടത്തിൽ ആണ് മോക്ഡ്രിൽ നടക്കുക . അനാവശ്യമായി ഭീതി പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാറും രംഗത്തെത്തിയിട്ടുണ്ട് .

ആരോഗ്യ പ്രവർത്തകരുടെ കാര്യക്ഷമത, ആശുപത്രികളിലെ അടിസ്ഥാന സൗകര്യം, വാക്‌സിൻ വിതരണത്തിന്റെ വേഗത എന്നിവ കണ്ടെത്താൻ ആണ് ഇന്ന് മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്. 19 സർക്കാർ ആശുപത്രികളിൽ കേന്ദ്ര സർക്കാരിനൊപ്പം മോക്ഡ്രിൽ സംഘടിപ്പിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു. മോക്ഡ്രിൽ നടക്കുന്ന ചില കേന്ദ്രങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയും സന്ദർശിക്കും. ഇന്നലെ നാല് വിദേശികളുടെത് ഉൾപ്പടെ കോവിഡ് സ്ഥിരീകരിച്ച മുഴുവൻ പേരുടെയും സാമ്പിളുകൾ ജനിതക ശ്രേണികരണ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാർ നിർദേശത്തിന് പിന്നാലെ മാസ്‌ക് നിർബന്ധമാക്കിയ കർണാടക സർക്കാർ പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ജനുവരി ഒന്നിന് പുലർച്ചെ 1 മണി മുതൽ ആഘോഷങ്ങൾ നിരോധിച്ച് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ അനാവശ്യ ഭീതി വേണ്ടെന്ന് ആവർത്തിക്കുകയാണ് കേന്ദ്ര സർക്കാർ.

ഇന്നലെ ഐ.എം.എ പ്രതിനിധികളുമായി നടന്ന യോഗത്തിലാണ് ജാഗ്രതാ നിർദ്ദേശങ്ങളുടെ രൂപത്തിൽ ജനങ്ങൾക്കിടയിൽ ഭീതി പരത്തുന്ന സന്ദേശങ്ങൾ തടയണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടത്. രോഗ വ്യാപനം തടയാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് ഐഎംഎ ഏതാനും ദിവസങ്ങൾക്ക് മുമ്പ് രംഗത്ത് എത്തിയിരുന്നു.

Similar Posts