പ്രവാസികള്‍ക്ക് ആശ്വാസം; കോവിഡ് പരിശോധന ഫലവും കോവിന്‍ സൈറ്റില്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം
|ഡിജിറ്റല്‍ സിഗ്നേച്ചറോട് കൂടിയ ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം കോവിന്‍ സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും
വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സമാനമായി കോവിഡ് പരിശോധന ഫലവും കോവിന്‍ വെബ്‌സൈറ്റുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രം. ഇതോടെ ഡിജിറ്റല്‍ സിഗ്നേച്ചറോട് കൂടിയ ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം കോവിന്‍ സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഈ സംവിധാനം ഉടന്‍ തന്നെ പ്രാബല്യത്തിലാകുമെന്ന് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി മേധാവി ആര്‍.എസ്.ശര്‍മ്മ അറിയിച്ചു.
മിക്ക രാജ്യങ്ങളിലേക്കും ഇപ്പോള്‍ യാത്ര ചെയ്യണമെങ്കില്‍ 72 അല്ലെങ്കില്‍ 96 മണിക്കൂര്‍ മുമ്പായി എടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം നിര്‍ബന്ധമാണ്. ഈ സാഹചര്യത്തില്‍ പുതിയ സംവിധാനം വരുന്നത് പ്രവാസികള്‍ക്കടക്കം സഹായകരമാകും.
അതേസമയം, പല രാജ്യങ്ങളും കോവിന്‍ വെബ്സൈറ്റിനെ വാക്‌സിന്‍ പോര്‍ട്ടലായി അംഗീകരിച്ചിട്ടില്ല എന്നത് ഒരു പ്രതിസന്ധിയാണെന്ന് ശര്‍മ്മ പറഞ്ഞു. ഡിജിറ്റല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡിജിറ്റല്‍ പാസ്‌പോര്‍ട്ടായി അംഗീകരിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുസംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി വരികയാണ്. അന്താരാഷ്ട്ര നിലവാരത്തില്‍ തന്നെയാണ് ഇന്ത്യ വാക്‌സിന്‍ പാസ്‌പോര്‍ട്ട് സജ്ജീകരിച്ചിട്ടുള്ളതെന്നും ശര്‍മ്മ വ്യക്തമാക്കി.