India
കോവിഡ് വാക്സിന്‍ വിതരണം എവിടെയെത്തി ?
India

കോവിഡ് വാക്സിന്‍ വിതരണം എവിടെയെത്തി ?

Web Desk
|
26 July 2021 4:21 PM GMT

കേരളത്തിൽ കോവിഡ് വാക്‌സിന് ക്ഷാമം നേരിടുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു

കോവിഡ് മൂന്നാം തരംഗത്തെകുറിച്ച് ആശങ്കപ്പെടുന്ന ഇന്ത്യയ്ക്ക് മൂന്നാം തരംഗത്തിന്റെ ആഘാതം കുറയ്ക്കാനുള്ള ഏറ്റവും മികച്ച വഴികളിലൊന്നാണ് കോവിഡ് വാക്‌സിനേഷന്റെ വേഗത കൂട്ടുക എന്നതാണ്.

നിലവിൽ 43.5 കോടി പേർക്കാണ് ഇന്ത്യയിൽ കോവിഡ് വാക്‌സിന്‍റെ ഒന്നാം ഡോസെങ്കിലും ലഭിച്ചത്. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുമെടുത്ത് പൂർണമായും കോവിഡ് വാക്‌സിനെടുത്തത് ഇതുവരെ 9.34 കോടി പേരാണ്.ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ 6.8 ശതമാനം പേരാണ് ഇതുവരെ രണ്ടു ഡോസ് കോവിഡ് വാക്‌സിനുമെടുത്തത്. ഇത് സൂചിപ്പിക്കുന്നത് കോവിഡ് വാക്‌സിനേഷന്റെ വേഗത നമ്മൾ ഇനിയും കൂട്ടേണ്ടതുണ്ട് എന്നതാണ്.

ലോകത്ത് ഇതുവരെ 389 കോടി ആൾക്കാരാണ് കോവിഡ് വാക്‌സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളത്. 108 കോടി പേർക്കാണ് കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും ലഭിച്ചത്. ലോക ജനസംഖ്യയുടെ 13.8 ശതമാനം ആൾക്കാർക്ക് മാത്രമാണ് ഇതുവരെ കോവിഡ് വാക്‌സിൻ പൂർണമായും എടുക്കാൻ സാധിച്ചിട്ടുള്ളത്.

അതേസമയം കേരളത്തിൽ കോവിഡ് വാക്‌സിന് ക്ഷാമം നേരിടുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് എന്ന് പറഞ്ഞു. തിരുവനന്തപുരം ഉൾപ്പെടെ മിക്ക ജില്ലകളിലും വാക്‌സിൻ സ്റ്റോക്കില്ലെന്നും നിലവിലെ സാഹചര്യം കേന്ദ്രത്തെ അറിയിച്ചതായും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

1.66 കോടിയിലധികം ഡോസ് വാക്‌സിനാണ് കേന്ദ്രം നൽകിയത്. സംസ്ഥാനത്ത് ഇതുവരെ 1.88 കോടി പേർക്ക് വാക്‌സിൻ നൽകി. 45 വയസിന് മുകളിലുള്ള 76 ശതമാനം പേർക്കാണ് ആദ്യഡോസ് നൽകിയത്. 35 ശതമാനത്തിന് രണ്ടാം ഡോസും നൽകി. വയനാട്, കാസർകോട് ജില്ലകളിൽ 45 വയസിനു മുകളിലുള്ളവർക്ക് നൂറു ശതമാനം വാക്‌സിൻ നൽകിയതായും മന്ത്രി പറഞ്ഞു.

കേരളത്തിൻറെ വാക്‌സിനേഷൻ നിരക്ക് മറ്റു സംസ്ഥാനങ്ങളെക്കാൾ മുകളിലാണ്. വാക്‌സിൻ നൽകുന്നതിൽ വേർതിരിവില്ല. എല്ലാവർക്കും വാക്‌സിൻ അവകാശമുണ്ട്. വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവർക്കും നൽകുമെന്നും വീണ ജോർജ്ജ് വ്യക്തമാക്കി.

Related Tags :
Similar Posts