രാജ്യത്ത് കുട്ടികൾക്ക് കോവിഡ് വാക്‌സിൻ ഉടൻ നൽകും; ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ
|സൈകോവ്-ഡിക്ക് പുറമെ രണ്ട് പുതിയ വാക്‌സിനുകൾ കൂടി പരിഗണനയിലുണ്ട്. ഇതുവരെ 137 കോടി ഡോസ് വാക്‌സിൻ നൽകിയെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്നത് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ. മൂന്നാം തരംഗത്തെ നേരിടാൻ തയ്യാറാണെന്നും മന്ത്രി രാജ്യസഭയിൽ പറഞ്ഞു.
അടിയന്തര ആവശ്യങ്ങൾക്കുള്ള മരുന്നുകൾ കരുതിയിട്ടുണ്ട്. സൈകോവ്-ഡിക്ക് പുറമെ രണ്ട് പുതിയ വാക്‌സിനുകൾ കൂടി പരിഗണനയിലുണ്ട്. ഇതുവരെ 137 കോടി ഡോസ് വാക്‌സിൻ നൽകിയെന്നും മന്ത്രി പറഞ്ഞു.
അതേസമയം രാജ്യത്ത് ഇതുവരെ 170 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. മഹാരാഷ്ട്ര (54), ഡല്‍ഹി (28), തെലങ്കാന (20), രാജസ്ഥാന്‍ (17), കര്‍ണാടക (19), കേരളം (15), ഗുജറാത്ത് (11), ഉത്തര്‍പ്രദേശ് (2), ആന്ധ്രാപ്രദേശ് (1), ചണ്ഡീഗഡ് (1), തമിഴ്‌നാട് (1), പശ്ചിമബംഗാള്‍ (1) എന്നിങ്ങനെയാണ് ഒമിക്രോണ്‍ രോഗികളുടെ എണ്ണം. സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത കര്‍ശനമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ ലോകരാജ്യങ്ങളില്‍ യു.കെയിലാണ് ഒമിക്രോണ്‍ കേസുകള്‍ കൂടുതല്‍ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 12,133 പേര്‍ക്ക് യു.കെയില്‍ രോഗം ബാധിച്ചു. ഇതോടെ രാജ്യത്തെ മൊത്തം ഒമിക്രോണ്‍ രോഗികളുടെ എണ്ണം 37,101 ആയി ഉയര്‍ന്നു.