India
മക്കളോട് എന്തുപറയും? കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ 15 മാസമായി മോര്‍ച്ചറിയില്‍ അഴുകിയനിലയില്‍
India

'മക്കളോട് എന്തുപറയും?' കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ 15 മാസമായി മോര്‍ച്ചറിയില്‍ അഴുകിയനിലയില്‍

Web Desk
|
30 Nov 2021 7:21 AM GMT

ബംഗളൂരുവിലെ രാജാജിനഗറിലെ ഇഎസ്ഐ ആശുപത്രിയിലാണ് സംഭവം.

കോവിഡ് ബാധിച്ച് മരിച്ച രണ്ട് പേരുടെ മൃതദേഹം ഒരു വര്‍ഷത്തിലേറെയായി മോർച്ചറിയിൽ. ബംഗളൂരുവിലെ രാജാജിനഗറിലെ ഇഎസ്ഐ ആശുപത്രിയിലാണ് സംഭവം. മുനിരാജു, ദുർഗ എന്നിവരുടെ മൃതദേഹങ്ങളാണ് അഴുകിയ നിലയിൽ മോർച്ചറിയിൽ നിന്ന് കണ്ടെത്തിയത്.

2020 ജൂലൈയിലാണ് ഇരുവരും കോവിഡ് ബാധിച്ച് ഇഎസ്ഐ ആശുപത്രിയില്‍ മരിച്ചത്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് അന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നില്ല. നഗരസഭയുടെ നേതൃത്വത്തിലാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്നത്. ഇതിനായി രണ്ടു പേരുടെയും മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇതിനിടെ മരണസംഖ്യ ഉയര്‍ന്നതോടെ മൃതദേഹം സംസ്‌കരിക്കുന്നതില്‍ താമസമുണ്ടായി. മോര്‍ച്ചറി പിന്നീട് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. പഴയ മോര്‍ച്ചറി കെട്ടിടത്തില്‍നിന്ന് ദുര്‍ഗയുടെയും മുനിരാജുവിന്‍റെയും മൃതദേഹം മാറ്റാന്‍ മറന്നുപോയതാവാം എന്നാണ് നിഗമനം. പഴയ മോര്‍ച്ചറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. മൃതദേഹത്തിലുണ്ടായിരുന്ന ടാഗില്‍ നിന്നാണ് ആളുകളെ തിരിച്ചറിഞ്ഞത്.

42കാരിയായ ദുര്‍ഗ കെ പി അഗ്രഹാര സ്വദേശിയാണ്- "ദുർഗയുടെ 15ഉം 10ഉം പ്രായമായ പെൺമക്കൾക്ക് രണ്ട് വർഷത്തിനുള്ളിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടു. ഇപ്പോൾ 500 ദിവസത്തിന് ശേഷം അവരുടെ അമ്മയുടെ മൃതദേഹം അനാഥമായ നിലയില്‍ കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. ഞാൻ ആ കുട്ടികളോട് എന്താണ് പറയുക?"- ദുർഗയുടെ സഹോദരി സുജാത ചോദിക്കുന്നു. ദുര്‍ഗയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചു. മക്കളെ കഷ്ടപ്പെട്ട് വളര്‍ത്തുന്നതിനിടെയാണ് സുജാത കോവിഡ് ബാധിച്ചു മരിച്ചത്.

68കാരനായ മുനിരാജു ചാമരാജ്പേഡ് സ്വദേശിയാണ്. ദുർഗയുടെയും മുനിരാജുവിന്‍റെയും കുടുംബങ്ങൾ ഞെട്ടലിലാണ്. "ആദ്യം വിശ്വസിച്ചില്ല. പിന്നീട് അവര്‍ കൂടുതല്‍ വിശദാംശങ്ങള്‍ അറിഞ്ഞു. ഞാന്‍ സഹോദരിയെ തിരിച്ചറിഞ്ഞത് മൃതദേഹത്തിലുണ്ടായിരുന്ന ടാഗ് നോക്കിയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വിട്ടുനല്‍കി"- സുജാത പറഞ്ഞു.

രാജാജിനഗർ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ വന്ന് മൃതദേഹം തിരിച്ചറിയാൻ ആവശ്യപ്പെട്ടപ്പോൾ ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് മുനിരാജിന്റെ ഇളയ മകൾ രാജേശ്വരി പറഞ്ഞു. "ഞങ്ങളുടെ പിതാവിന്റെ മരണത്തെ തുടർന്ന് ഞങ്ങൾക്ക് അന്ത്യകർമങ്ങൾ നടത്താൻ കഴിഞ്ഞില്ല, ബിബിഎംപിക്ക് മൃതദേഹം സംസ്കരിക്കാന്‍ വിട്ടുനല്‍കി. മൃതദേഹം ദഹിപ്പിച്ചെന്നാണ് ഞങ്ങളോട് പറഞ്ഞത്. ഞങ്ങള്‍ മറ്റ് മരണാനന്തര ചടങ്ങുകള്‍ നടത്തുകയും ചെയ്തു."

ഈ മനുഷ്യത്വരഹിതമായ സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് എംഎൽഎ സുരേഷ് കുമാർ ആവശ്യപ്പെട്ടു. ആശുപത്രിയുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായെന്ന് ബിബിഎംപി ചീഫ് ഹെൽത്ത് ഓഫീസർ ഡോ ബാലസുന്ദർ പറഞ്ഞു. റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts