കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും: പ്രധാനമന്ത്രി
|നിലവിലെ സാഹചര്യം പരിഗണിച്ചാൽ വരും ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ
രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. കോവിഡ് സാഹചര്യം വളരെ ഗൗരവമുള്ളതായാണ് സർക്കാർ കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം രാജ്യത്ത് ഒമിക്രോൺ കേസുകൾ കൂടുന്നതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്.
ജില്ലാ തലങ്ങളിൽ ആശുപത്രി സൗകര്യം വർധിപ്പിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കൗമാരക്കാരുടെ വാക്‌സിനേഷനും അതിവേഗം പൂർത്തിയാക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. കോവിഡിനെ നേരിടാനുള്ള സാങ്കേതിക സഹായം കേന്ദ്ര സർക്കാർ ഉറപ്പ് നൽകി. കൂടാതെ കോവിഡ് ക്ലസ്റ്ററുകളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തണമെന്നും, കണ്ടൈൻമെന്റ് നടപടികൾ തുടരണമെന്നും കേന്ദ്ര സർക്കാർ ഉന്നത തല യോഗത്തിൽ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ലഡാക്കിലെ വിനോദ സഞ്ചാര പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ കേന്ദ്ര സർക്കാർ വിളിച്ചു കൂട്ടിയ അവലോകന യോഗത്തിൽ ധാരണയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്നും നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കാനും തീരുമാനമായി. പെരുമാറ്റ ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണ് നിർണായകമായ തീരുമാനം.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ് . ഇന്ന് പ്രതിദിന രോഗികളുടെ എണ്ണം ഒന്നര ലക്ഷം കടന്നു. മൂന്നാം തരംഗത്തിൻറെ സൂചന നൽകിയാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തുന്നത്. ഡൽഹിയിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമടക്കം രോഗബാധിതരുടെ എണ്ണം ദിനം പ്രതി ഉയരുകയാണ്. നിലവിലെ സാഹചര്യം പരിഗണിച്ചാൽ വരും ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. 513 പേർക്കാണ് ഡൽഹിയിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. എന്നാൽ കേരളത്തിൽ ഇന്ന് 6238 പേർക്ക്് കോവിഡ് സ്ഥിരീകരിച്ചു. 30 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് കോവി്ഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി.